മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലിം ജയിലിൽ തുടരും; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: 1993-ലെ മുംബൈ ബോംബ് സ്ഫോടനക്കേസ് പ്രതി അബു സലിം ജയിലിൽ തുടരും. കഴിഞ്ഞ 25 വർഷമായി ജയിലിൽ കഴിയുകയാണെന്നും വിട്ടയയ്ക്കമെന്നും ആവശ്യപ്പെട്ട് ഇയാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള വിട്ടുനൽകൽ ഉടമ്പടി വ്യവസ്ഥകൾ പ്രകാരം താൻ 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കിയെന്നും അതിനാൽ മോചിപ്പിക്കണമെന്നുമായിരുന്നു സലീമിന്റെ ആവശ്യം. എന്നാൽ അബു സലിമിന്റെ ഹർജി തള്ളുന്നതായി കോടതി പറഞ്ഞു. 1993ലെ മുംബൈ സ്‌ഫോടനക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് ഇയാൾ. 2002ൽ പോർച്ചുഗലിൽ വച്ചാണ് സലീമിനെ അറസ്റ്റ് ചെയ്തത്.
2002 ഡിസംബർ 17ന് ഇന്ത്യയിലേക്ക് ഇയാളെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഒരു വ്യവസ്ഥയിലെത്തി. പ്രതിക്ക് വധശിക്ഷ വിധിക്കില്ലെന്നും 25 വർഷത്തിലധികം തടവുശിക്ഷ ഉണ്ടാകില്ലെന്നുമായിരുന്നു വ്യവസ്ഥ. ദീർഘകാലം നീണ്ടുനിന്ന നാടുകടത്തൽ നടപടികൾക്ക് പിന്നാലെ 2005ലാണ് ഇയാളെ ഇന്ത്യയിലെത്തിക്കുന്നത്. തുടർന്ന് എന്നാൽ ഈ ശിക്ഷാവിധി നാടുകടത്തപ്പെട്ട സമയത്തെ വ്യവസ്ഥയ്ക്ക് എതിരാണെന്നാണ് അബു സലീമിന്റെ വാദം.
പിന്നീട് മുംബൈ സ്‌ഫോടനക്കേസ് ഉൾപ്പെടെ രണ്ട് ടാഡാ കേസുകളിൽ അബു സലിം വിചാരണ നേരിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇയാളെ 2017 സെപ്തംബർ 7ന് ജീവപരന്ത്യം തടവിന് ശിക്ഷിച്ചു.
എന്നാൽ വിചാരണ തടവുകാരനായിരുന്ന കാലം, ശിക്ഷയ്ക്ക് ശേഷമുള്ള തടവുകാലം, നല്ല നടപ്പിലൂടെ ലഭിച്ച ഇളവുകൾ എന്നിവ കൂട്ടിയാൽ 2025 മാർച്ച് 31ഓടെ താൻ 25 വർഷത്തെ ശിക്ഷ പൂർത്തിയാക്കിയെന്നും തുടർ തടവ് നിയമവിരുദ്ധമാണെന്നുമായിരുന്നു സലിമിന്റെ വാദം.
പോർച്ചുഗലിൽ നിന്ന് 2005 നവംബറിലാണ് അബു സലിമിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇതനുസരിച്ച് 25 വർഷത്തെ കാലാവധി 2030 നവംബറിൽ മാത്രമേ പൂർത്തിയാകൂ എന്ന് കോടതി വ്യക്തമാക്കി. ജയിലിലെ നല്ല നടപ്പിനുള്ള ശിക്ഷാ ഇളവുകൾ കണക്കിലെടുത്ത് ഈ 25 വർഷത്തെ കാലാവധി കുറയ്ക്കാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. മുതിർന്ന അഭിഭാഷകൻ ഋഷി മൽഹോത്രയാണ് അബു സലേമിനായി സുപ്രീം കോടതിയിൽ ഹാജരായത്.









0 comments