നേരിട്ടത് വലിയ അപമാനം; നിതീഷ് കുമാർ ഹിജാബ് വലിച്ചുതാഴ്ത്തിയ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു

പട്ന: സർക്കാർ പരിപാടിയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഹിജാബ് വലിച്ചുതാഴ്ത്തിയ വനിതാ ഡോക്ടർ ജോലി ഉപേക്ഷിക്കുന്നു. ഈ മാസം 20ന് ജോലിയർ പ്രവേശിക്കാനുള്ള നിയമനകത്ത് ലഭിച്ചെങ്കിലും സർവീസിൽ ചേരുന്നില്ലെന്ന നിലപാടിലാണ് യുവതിയെന്ന് സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. അപമാനഭാരം കാരണം ജോലിക്കു ചേരുന്നില്ലെന്നാണ് അവൾ പറയുന്നത്. ആശ്വസിപ്പിച്ചു ജോലിയിൽ ചേരാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ 15ന് പട്നയിൽ ആയുഷ് ഡോക്ടർമാർക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു പരിപാടി. ഹിജാബ് ധരിച്ചെത്തിയ യുവതി ഉത്തരവ് ഏറ്റുവാങ്ങാൻ എത്തിയപ്പോൾ, ഹിജാബ് ഊരിമാറ്റാൻ നിതീഷ് ആദ്യം ആംഗ്യം കാണിച്ചു. യുവതി പ്രതികരിക്കുന്നതിനു മുൻപേ നിതീഷ് ഹിജാബ് വലിച്ചുതാഴ്ത്തുന്നതും ദൃശ്യത്തിലുണ്ട്.
നിതീഷിന്റെ നടപടിക്കെതിരെ പ്രതിപക്ഷകക്ഷികൾ വ്യാപക പ്രതിഷേധമാണ് ഉയർത്തുന്നത്. മുഖ്യമന്ത്രിയുടെ മാനസികനില പൂർണമായും തകർന്നതാണോ, അതോ അദ്ദേഹം 100 ശതമാനം സംഘിയായോ എന്നാണ് വീഡിയോ പങ്കുവെച്ച് ആർജെഡി ചോദിച്ചത്. സ്ത്രീകളോടുള്ള ജെഡിയുവിന്റെയും ബിജെപിയുടെയും മനോഭാവമാണ് സംഭവം തെളിയിക്കുന്നതെന്ന് ആർജെഡി വക്താവ് ഇജാസ് അഹമ്മദ് പറഞ്ഞു. സംഭവം അപലപനീയമാണെന്ന് ശിവസേനയും നിതീഷ് കുമാർ രാജിവെക്കണമെന്ന് കോൺഗ്രസും പ്രതികരിച്ചു.










0 comments