തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ബംഗാൾ അധ്യക്ഷ സ്ഥാനം രാജിവെച്ച് ചന്ദ്രിമ ഭട്ടാചാര്യ

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തൃണമൂൽ കോൺഗ്രസിൽ നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയാണ് ശനിയാഴ്ച രാജിവെച്ചത്. സംഘടനാപരമായ എല്ലാ ചുമതലകളിൽ നിന്നും ഒഴിഞ്ഞുകൊണ്ട് പാർടി നേതൃത്വത്തിന് ചന്ദ്രിമ ഭട്ടാചാര്യ രാജിക്കത്ത് കൈമാറി. ഇതോടെ ചന്ദ്രിമ ഭട്ടാചാര്യ പാർടി വിട്ടേക്കാം എന്ന അഭ്യൂഹങ്ങളുണ്ട്. ധനകാര്യം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ മുൻ മന്ത്രിയായിരുന്ന അവർ. തൃണമൂലിന്റെ വനിതാ വിഭാഗത്തിന്റെ നേതൃ സ്ഥാനവും വഹിച്ചിരുന്നു.
തൃണമൂലിലെ ഭിന്നതകൾ മൂലം നേരത്തെ സുകേന്ദു ശേഖർ റോയി, സുഷ്‌മിത ദേവ്, പ്രകാശ് ചിക് ബരൈക്ക് തുടങ്ങിയർ രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചിരുന്നു. അതിരൂക്ഷമായ ആഭ്യന്തര കലാപത്തിന്റെ ഭാഗമായാണ് ചന്ദ്രിമ ഭട്ടാചാര്യയുടെ രാജിയും കണക്കാക്കപ്പെടുന്നത്. പാർടി ആസ്ഥാനം റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതവിഭാഗം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. എംഎൽഎമാരായ ഫിർഹാദ് ഹക്കീം, സന്ദീപൻ സാഹ, ജാവേദ് ഖാൻ, പാർട്ടി ട്രഷറർ അക്രുസ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഓഫീസിലെത്തി ഗേറ്റിന്റെ പൂട്ട് മാറ്റി പുതിയ പോസ്റ്ററുകൾ പതിക്കുകയും യോഗം ചേരുകയും ചെയ്തു.
ഇനി മുതൽ ഇതായിരിക്കും പാർട്ടിയുടെ ഔദ്യോഗിക ആസ്ഥാനമെന്ന് വിമതവിഭാഗം പ്രഖ്യാപിച്ചു. മുതിർന്ന എംഎൽഎ അരൂപ് റോയിയെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്റെ ചെയർമാനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ഓഫീസിന് മുന്നിൽ പതിച്ചിട്ടുണ്ട്. അതേസമയം, കെട്ടിടത്തിനുള്ളിലെ മമതാ ബാനർജിയുടെ ചിത്രങ്ങൾ നീക്കം ചെയ്തിട്ടില്ല.
ശനിയാഴ്ച മുതൽ ഓഫീസ് പൂർണ്ണമായി പ്രവർത്തനസജ്ജമാകുമെന്ന് റിതബ്രത ബാനർജി വ്യക്തമാക്കി. പാർട്ടിയുടെ പേര്, ചിഹ്നം, സ്വത്തുവകകൾ എന്നിവയിൽ അവകാശവാദം ഉന്നയിച്ച് റിതബ്രത ബാനർജിയും സംഘവും ദില്ലിയിലെത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.











0 comments