എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലേക്ക് മാറ്റി; തമിഴ്നാട്ടിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയം

റിസോർട്ടിൽ പാർക്ക് ചെയ്തിരിക്കുന്ന എഐഎഡിഎംകെ എംഎൽഎമാരുടെ വാഹനങ്ങൾ
ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണനീക്കം പ്രതിസന്ധിയിലായതിന് പിന്നാലെ എഐഎഡിഎംകെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നു. എംഎൽഎമാരെ അയൽസംസ്ഥാനമായ പുതുച്ചേരിയിലേക്കാണ് മാറ്റിയിട്ടുള്ളത്. പാർടി എംഎൽഎമാർ പുതുച്ചേരിയിൽ തങ്ങുന്നുണ്ടെന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ സ്ഥിരീകരിച്ചു. എന്നാൽ എത്ര എംഎൽഎമാരെ മാറ്റിയെന്നോ ഇതിന് പിന്നിലെ കാരണമെന്താണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
എടപ്പാടി കെ പളനിസ്വാമി നയിക്കുന്ന എഐഎഡിഎംകെ, വിജയ് നയിക്കുന്ന ടിവികെയ്ക്ക് സർക്കാർ രൂപീകരിക്കാൻ നിരുപാധിക പിന്തുണ നൽകാൻ തയ്യാറായിരുന്നുവെന്നും ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ നടന്നിരുന്നുവെന്നും സൂചനകളുണ്ട്. ഭൂരിപക്ഷം തികയ്ക്കാൻ ടിവികെയ്ക്ക് കഴിയാതെ വന്നതോടെ ചൊവ്വാഴ്ച രാവിലെ മുതലാണ് ഇരുപാർടികളും തമ്മിലുള്ള ആശയവിനിമയം ആരംഭിച്ചത്. എന്നാൽ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ടിവികെയിൽ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ല എന്നാണ് എഐഎഡിഎംകെ നേതാക്കൾ പറയുന്നത്.
അതേസമയം, വിജയ്‍യെ പിന്തുണയ്ക്കുന്നതിൽ എഐഎഡിഎംകെയിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യസഭാ എംപി സി വി ഷൺമുഖത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിജയ്‍യെ പിന്തുണയ്ക്കണമെന്ന് വാദിക്കുന്നു. സർക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്ന് പിന്തുണ നൽകാമെന്നാണ് വാഗ്ദാനം. എന്നാല്‍, മറ്റൊരു വിഭാഗം ഇതിനെ എതിർക്കുന്നു. ടിവികെയ്ക്ക് പിന്തുണ നല്‍കില്ലെന്ന് മുതിര്‍ന്ന നേതാവ് കെ പി മുനുസ്വാമി പരസ്യമായി പ്രഖ്യാപിച്ചു.
234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ടിവികെ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടിവികെയ്ക്ക് 11 സീറ്റ് കൂടിവേണം. അഞ്ചു കോൺഗ്രസ് എംഎൽഎമാർ ഇതിനോടകം പിന്തുണ അറിയിച്ചിട്ടുണ്ട്. എഐഎഡിഎംകെയ്‌ക്ക് 47 സീറ്റുണ്ട്.










0 comments