നേപ്പാളിലെ മിന്നൽ പ്രളയം; 290 ഇന്ത്യക്കാരെ കണ്ടെത്തിയിട്ടില്ല, 84 പേരെ രക്ഷപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 290 ഇന്ത്യക്കാരുമായി ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കാണാതായവരിൽ 84 പേരെ രക്ഷപ്പെടുത്തി. ത്രിശൂലി ജലവൈദ്യുത പദ്ധതിയിലെ ജീവനക്കാരായ ഇന്ത്യക്കാരെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
കൈലാസ് മാനസരോവർ യാത്രയ്ക്കായി പോയ നിരവധി സംഘങ്ങൾ, ത്രിശൂലി 1 പവർ പ്രോജക്ടിലെ തൊഴിലാളികൾ, വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ എന്നിങ്ങനെ നേപ്പാളിലെത്തിയ ഇന്ത്യക്കാരെയാണ് കാണാതായത്.
തമിഴ്നാട്ടിൽ നിന്നുള്ള 37, 49 വീതം അംഗങ്ങളുള്ള രണ്ട് വലിയ സംഘങ്ങളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സാമ്രാട്ട് ട്രാവൽസ്, ഫ്ലൈ എവറസ്റ്റ് ട്രാവൽസ് എന്നീ ട്രാവൽ ഏജൻസികൾ മുഖേന പോയവരാണിവർ. രക്ഷപ്പെടുത്തിയ സംഘവിമായി നേപ്പാളിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്.
എത്രയും പെട്ടെന്ന് അവരെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ അധികാരികളുമായി ഇന്ത്യ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള തെരച്ചിൽ ഊര്ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.









0 comments