ad
Deshabhimani

ബഹിരാകാശത്ത് തേൻകൂട് നിർമിച്ച് തേനീച്ചകൾ; നാസയുടെ വിചിത്ര പരീക്ഷണം

Bee

പ്രതീകാത്മക ചിത്രം | Photo: The Economic Times

വെബ് ഡെസ്ക്

Published on Aug 27, 2026, 11:06 PM | 1 min read

വാഷിംഗ്ടൺ : ഭൂഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് തേനീച്ചകൾക്ക് ജീവിക്കാനും തേൻകൂട് നിർമ്മിക്കാനും സാധിക്കുമോ എന്നറിയാൻ 1984ൽ നാസ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. 'എസ്ടിഎസ്-41സി' ദൗത്യത്തിന്റെ ഭാഗമായി 'ഡിസ്കവറി' ബഹിരാകാശ പേടകത്തിലാണ് 3,301 തേനീച്ചകളെ നാസ ബഹിരാകാശത്തേക്ക് അയച്ചത്. 7 ദിവസം നീണ്ട ദൗത്യത്തിൽ കുറഞ്ഞ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെട്ട തേനീച്ചകൾ ഏകദേശം 200 സെന്റീമീറ്റർ നീളത്തിൽ തേൻകൂട് നിർമിക്കുകയും ചെയ്തു.


ഒരു രാജ്ഞി ഈച്ചയും ആവശ്യത്തിന് ഭക്ഷണവും തടികൊണ്ടുള്ള ഫ്രെയിമുകളും അടങ്ങിയ പ്രത്യേക കൂട്ടിലാണ് ഈച്ചകളെ ബഹിരാകാശത്തേക്ക് അയച്ചത്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ബഹിരാകാശത്ത് തുള്ളികളായി ഒഴുകിനടക്കാൻ സാധ്യതയുള്ളതിനാൽ പഞ്ചസാരയും വെള്ളവും അഗർ-അഗറും ചേർത്ത മിശ്രിതമാണ് ഇവയ്ക്ക് ഭക്ഷണമായി നൽകിയത്.


ബഹിരാകാശത്ത് എത്തിയ ആദ്യ ദിനങ്ങളിൽ ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ പറക്കാൻ ശ്രമിച്ച തേനീച്ചകൾ കൂട്ടിന്റെ ഭിത്തികളിൽ ചെന്ന് ഇടിച്ചിരുന്നു. എന്നാൽ ഏഴാം ദിനത്തോടെ തേനീച്ചകൾ പുതിയ അന്തരീക്ഷവുമായി പൂർണ്ണമായി പൊരുത്തപ്പെടുകയും സുഗമമായി പറക്കാൻ തുടങ്ങുകയും ചെയ്തു.


ഭൂമിയിൽ നിർമിക്കുന്ന കൂടുമായി താരതമ്യം ചെയ്യുമ്പോൾ ബഹിരാകാശത്ത് നിർമിച്ച കൂട്ടിലെ അറകളുടെ വ്യാസം കുറവും ഭിത്തികളുടെ കനം കൂടുതലുമായിരുന്നു. എന്നാൽ സാധാരണ ഗതിയിൽ അറകൾ നിർമിച്ച് അതിൽ പഞ്ചസാര ലായനി സംഭരിക്കാൻ ഇവയ്ക്ക് സാധിച്ചു. ദൗത്യത്തിനിടെ രാജ്ഞി ഈച്ച 35 ഓളം മുട്ടകൾ ഇട്ടെങ്കിലും ഭൂമിയിൽ തിരിച്ചെത്തിച്ച ശേഷം അവ വിരിഞ്ഞില്ല.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home