ആനയ്ക്ക് പിങ്ക് നിറം നൽകി ഫോട്ടോഷൂട്ട്; പിന്നാലെ ചരിഞ്ഞു, വിമർശനം ശക്തം

ജയ്പൂർ: ഫോട്ടോ ഷൂട്ടിനായി ആനയ്ക്ക് പിങ്ക് നിറം നൽകിയ വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പോഴിതാ ആന ചരിഞ്ഞ വാർത്ത പുറത്തുവന്നിരിക്കുകയാണ്. റഷ്യന്‍ ഫോട്ടാഗ്രാഫറായ ജൂലിയ ബുറുലേവ കഴിഞ്ഞ ഡിസംബറിലാണ് പിങ്ക് നിറം പെയിന്റു ചെയ്ത ആനയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ആനയ്ക്ക് മുകളില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച് മോഡലും ഫോട്ടോയിലുണ്ട്.
ജയ്പൂരിലെ ഉപേക്ഷിക്കപ്പെട്ട ഗണപതി ക്ഷേത്ര പരിസരത്താണ് ഫോട്ടോ ഷൂട്ട് നടന്നത്. ചിലർ ചിത്രങ്ങളെ പ്രശംസിച്ചപ്പോൾ മറ്റ് ചിലരാകട്ടെ ഇത്തരം കാര്യങ്ങൾക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്തും രംഗത്തെത്തി. കലാപരമായ ആവശ്യങ്ങൾക്കായി ഒരു ജീവനുള്ള മൃഗത്തെ ഉപയോഗിക്കരുതെന്നായിരുന്നു കൂടുതൽ പേരും വിമർശിച്ചത്.
ആനയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഉപയോഗിച്ചത് ജൈവ കളറുകളാണെന്നും ഫോട്ടോഗ്രാഫര്‍ സമൂഹ മാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു. ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന അതേ തരം പെയിന്റ് ആയതുകൊണ്ട് തന്നെ ആനയ്ക്ക് പൂർണമായും സുരക്ഷിതമാണെന്നും ജൂലിയ ബുരുലേവ വ്യക്തമാക്കി.
എന്നാൽ വിവാദങ്ങൾക്ക് പിന്നാലെ ആന ചരിഞ്ഞു. ചായം പൂശിയതാണ് ചരിയാന്‍ കാരണമെന്ന വാദവുമായി മൃഗസ്‌നേഹികള്‍ കൂട്ടത്തോടെ രംഗത്തെത്തി. എന്നാല്‍ പ്രായാധിക്യത്തെ തുടര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് ഉടമയുടെ വാദം. ആനയുടെ ഒരു ഭാഗം മാത്രമേ ചായമടിച്ചുള്ളൂവെന്നും ഫോട്ടോയെടുത്ത് പത്തുമിനിറ്റിനകം നിറം കഴുകിക്കളഞ്ഞെതായും ഉടമ പറഞ്ഞു.









0 comments