print edition നോയിഡയിലെ തൊഴിലാളി പ്രക്ഷോഭം തുടരുന്നു

നോയിഡയിൽ തൊഴിലാളി പ്രതിഷേധത്തിന് നേരെയുണ്ടായ കണ്ണീർ വാതകം പ്രയോഗത്തിന്റെയും, പ്രതിഷേധക്കാർ പൊലീസ് ജീപ് നശിപ്പിക്കുന്നതിന്റെയും ചിത്രങ്ങൾ. (Screengrabs from X/@Benarasiyaa)

സ്വന്തം ലേഖകൻ
Published on Apr 15, 2026, 12:00 AM | 2 min read
ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ വേതന വർധന ആവശ്യപ്പെട്ടുകൊണ്ടുള്ള തൊഴിലാളി പ്രക്ഷോഭം ശക്തമായി തുടരുന്നു. കനത്ത പ്രതിഷേധമുണ്ടായിട്ടും യുപിയിലെ ബിജെപി സർക്കാർ താൽക്കാലിക വേതന വർധനവ് മാത്രമാണ് പ്രഖ്യാപിച്ചത്. വേതനം ഏപ്രിൽ ഒന്നുമുതൽ 21 ശതമാനം വർധിപ്പിക്കുമെന്നാണ് പ്രഖ്യാപനം. ഇത് അംഗീകരിക്കാത്ത തൊഴിലാളികൾ സമരം തുടരുകയാണ്. വേതന വർധനവിനോടൊപ്പം തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, മുന്നറിയിപ്പില്ലാതെ പിരിച്ചുവിടൽ, തൊഴിൽ സമയം എന്നീ വിഷയങ്ങളിൽ പരിഹാരം കാണണമെന്നും ആവശ്യമുയരുന്നു. തിങ്കളാഴ്‌ച നോയിഡിയിലെ എൺപതിലധികം സ്ഥലങ്ങളിലായി 45,000ൽ അധികം തൊഴിലാളികളാണ് സമരമുഖത്തെത്തിയത്.
സമരം അടിച്ചമർത്താനുള്ള പലവിധ ശ്രമങ്ങളാണ് യുപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. പ്രതിഷേധത്തെത്തുടർന്ന് മുന്നൂറിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഏഴ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഗ്രാമങ്ങളിൽ റെയ്‌ഡ് നടത്തുന്നാതായും തൊഴിലാളികളെ ക്രൂരമായി മർദിക്കുന്നതായും വിവരമുണ്ട്. അറസ്റ്റ് ചെയ്യുന്നവരെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന വിവരം പൊലീസ് കുടുംബങ്ങളോട് പോലും വെളിപ്പെടുത്തുന്നില്ല. കേന്ദ്ര സുരക്ഷാ സേനകളെയും നോയിഡയിൽ വിന്യസിച്ചു. സമരത്തിന് അനുകൂലമായ നിലപാടെടുക്കുന്ന സമൂഹ മാധ്യമ അക്കൗണ്ടുകളും നിരീക്ഷത്തിലാണ്. രണ്ട് എക്‌സ് അക്കൗണ്ടുകൾക്കെതിരെയും പൊലീസ് എഫ്‌ഐആർ ഇട്ടു.
പിന്നിൽ പാകിസ്ഥാനെന്ന്
നോയിഡയിൽ നടക്കുന്ന തൊഴിലാളി സമരത്തിന് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി യുപി തൊഴിൽമന്ത്രി അനിൽ രാജ്‌ഭാർ രംഗത്തെത്തി. പ്രതിഷേധം പെട്ടന്നുണ്ടായതല്ലെന്നും വലിയ ഗൂഢാലോചനയാണ് സമരത്തിന് പിന്നിലുള്ളതെന്നും പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായതായി സംസ്ഥാന പൊലീസ് മേധാവിയും പറഞ്ഞു.
സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു: എളമരം കരീം
ഹരിയാനയിലും നോയിഡയിലും വേതന വർധനവ് ആവശ്യപ്പെട്ടുള്ള തൊഴിലാളി സമരത്തെ സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം. ഇതിനായാണ് തൊഴിലാളികളെ തീവ്രവാദികൾ എന്ന് വിളിക്കുന്നത്. പതിനായിരക്കണക്കിന് ഫാക്ടറി തൊഴിലാളികളാണ് കഷ്ടപ്പാടുമൂലം സമരം ചെയ്യുന്നത്. ലേബർ കോഡ് വന്നതിനുശേഷം മിനിമം വേതനം എന്ന വ്യവസ്ഥ തന്നെ കേന്ദ്ര സർക്കാർ ഇല്ലാതാക്കി. എട്ട് മണിക്കൂറിലധികം തൊഴിലാളികൾ പണിയെടുക്കുന്നു. എന്നാൽ, വേതനം 300 രൂപയിൽ താഴെ. സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ സമരത്തിൽ ഇടപെടുന്നുണ്ട്. ഒരു മാസം 23,000 രൂപ വേതനം എന്ന നിർദേശം മുന്നോട്ടുവച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. തെലങ്കാനയിലും തൊഴിലാളികൾ സമരത്തിലാണെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ 90ലധികം സീറ്റിൽ എൽഡിഎഫ് വിജയിക്കുമെന്നും എളമരം കരീം പറഞ്ഞു.









0 comments