'കാവിവൽക്കരണം അനുവദിക്കില്ല'; ജാമിഅ മില്ലിയയിൽ വിദ്യാർഥി പ്രതിഷേധം

ന്യൂഡൽഹി: ആർഎസ്‌എസിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ജാമിഅ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയിൽ സംഘടിപ്പിച്ച 'യുവ കുംഭ്'പരിപാടിക്കെതിരെ വിദ്യാർഥി പ്രതിഷേധം. എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സർവകലാശാലയെ സംഘപരിവാർവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർഥികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയായിരുന്നു.
വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർഎസ്എസിനെ സർവകലാശാല ക്യാമ്പസിനുള്ളിൽ പ്രവേശിക്കാൻ തങ്ങൾ അനുവദിക്കില്ലെന്ന് എസ്എഫ്ഐ പ്രസ്താവനയിൽ പറഞ്ഞു. വിദ്വേഷത്തിന്റെയും വർഗീയതയുടെയും പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കാനുള്ള ജാമിഅ മില്ലിയ പോലുള്ള പൊതു സർവകലാശാലയെ ഉപയോഗിക്കാൻ കഴിയില്ലെന്നും ക്യാമ്പസിനകത്തും പുറത്തുമുള്ള ബിജെപി- ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും എസ്എഫ്ഐ പറഞ്ഞു.
അതേസമയം ആർഎസ്‌എസിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ പൊതുഖജനാവിൽ നിന്ന് 76.13ലക്ഷം മുടക്കിയാണ് പത്രപ്പരസ്യം നൽകിയത്. അച്ചടി മാധ്യമങ്ങളിൽ പരസ്യം നൽകാൻ മാത്രം 76,13,129 രൂപ നൽകിയെന്ന് വിവരാവകാശ പ്രവർത്തകൻ അജയ് ബാസുദേവ് ബോസിന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മറുപടി നൽകി.










0 comments