സോഫിയ ഖുറേഷിയെ അപമാനിക്കല്‍: കുൻവർ വിജയ്‌ഷാ രാജിവയ്ക്കില്ല; പിന്തുണയുമായി ബിജെപി

ഭോപാല്‍: ഓപ്പറേഷൻ സിന്ദൂറിന്റെ മുഖമായ കേണൽ സോഫിയ ഖുറേഷിക്ക് നേരെ തീവ്ര വർഗീയ വിദ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് ഗോത്രകാര്യ മന്ത്രി മന്ത്രി കുൻവർ വിജയ്‌ഷാ രാജിവയ്ക്കുന്നില്ലെന്ന് സൂചന.
വിജയ് ഷായെ പിന്തുണയ്ക്കാൻ ബിജെപി ഉന്നത നേതാക്കൾ കഴിഞ്ഞ ദിവസം രാത്രി യോഗം ചേർന്നിരുന്നു. അതിനുശേഷമാണ് രാജിവയ്ക്കുന്നില്ലെന്ന് സൂചന മുഖ്യമന്ത്രി മോഹൻ യാദവ് നൽകിയത്. ഇതോടെയാണ് ഭരണകക്ഷി കുൻവർ വിജയ്‌ഷായെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രി യാദവ്, സംസ്ഥാന പ്രസിഡന്റ് വി ഡി ശർമ്മ, ജനറൽ സെക്രട്ടറി ഹിതാനന്ദ് ശർമ എന്നിവരുൾപ്പെടെഉന്നത നേതാക്കൾ ബുധനാഴ്ച ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. “ഹൈക്കോടതി ഷായുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാൽ അതിനായി സമ്മർദ്ദം ചെലുത്തേണ്ട ആവശ്യമില്ല,” എന്നാണ് ബിജെപിയുടെ നിലപാട്.
വിഷയത്തില്‍ സ്വമേധയാ ഇടപെട്ട മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപുർ ബെഞ്ച് കര്‍ശനമായി നിര്‍ദേശിച്ചതോടെ കേസെടുക്കേണ്ടിവന്നെങ്കിലും മന്ത്രിക്കെതിരെ ദുര്‍ബല വകുപ്പുകളാണ് ചുമത്തിയത്. കേസ് ദുര്‍ബലമാണെന്നും സര്‍ക്കാരിന്റെത് "വഞ്ചാനപരമായ' നിലപാടാണെന്നും ഹൈക്കോടതി വ്യാഴാഴ്ച തുറന്നടിച്ചു. കേസില്‍ നിന്നും പിന്നീട് ഊരിപ്പോരാന്‍ സഹായിക്കുന്ന നിരവധി പഴുതുകള്‍ എഫ്ഐആറില്‍ ഉണ്ടെന്നും അന്വേഷണം ഹൈക്കോടതി കര്‍ശനമായി നിരീക്ഷിക്കുമെന്നും ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. "സംസ്ഥാന പൊലീസിന്റെ ഈ വിചിത്രമായ ഈ നീക്കത്തിന് പിന്നാല്‍ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്താനുള്ള ശ്രമം ഈ ഘട്ടത്തില്‍ നടത്തുന്നില്ല, ഭാവി നടപടികളിൽ അതിനുള്ള ശ്രമം നടത്തുമന്നും ഡിവിഷന്‍ ബെഞ്ച് ബിജെപി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
പ്രധാനമന്ത്രിക്കും മൗനം
കേണൽ സോഫിയ ഖുറേഷിയെ ‘ഭീകരരുടെ സഹോദരി’ എന്ന് ആക്ഷേപിച്ച മന്ത്രി വിജയ്‌ഷായ്‌ക്ക് സ്‌ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന മുൻകാലചരിത്രമുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ്‌സിങ് ചൗഹാന്റെ ഭാര്യ സാധനയ്ക്കും ബിജെപി നേതാവ് നിർമലാ ഭുരിയയ്‌ക്കും എതിരായ വിജയ്‌ഷായുടെ മോശം പരാമർശം വിവാദമായതോടെ 2013ൽ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്‌ക്കാൻ നിർബന്ധിതനായിരുന്നു.
രാജ്യസ്‌നേഹത്തിന്റെയും നാരീശക്തിയുടെയും വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും മൗനംകൊണ്ട് വിജയ് ഷായെ സംരക്ഷിക്കുകയാണ്. ‘ഓപ്പറേഷൻ സിന്ദൂർ’ രാഷ്ട്രീയ നേട്ടമാക്കാൻ രാജ്യമെങ്ങും പ്രചാരണപരിപാടി സംഘടിപ്പിക്കുന്ന ബിജെപിക്ക് സ്വന്തം മന്ത്രിയുടെ വിദ്വേഷപ്രസംഗം കനത്തതിരിച്ചടിയായി.








0 comments