print edition സൈന്യത്തെ രാഷ്‌ട്രീയവൽക്കരിക്കാനുള്ള നീക്കം: ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ ഗഡ്‌കരിയുമായുള്ള കൂടിക്കാഴ്‌ച


സ്വന്തം ലേഖകൻ
Published on May 06, 2026, 12:59 AM | 1 min read
ന്യൂഡൽഹി: ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്‌കരിയെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ സന്ദര്‍ശിച്ചതില്‍ വ്യാപക വിമർശം. മേജർ ജനറൽ വിവേക് ത്യാഗിയാണ് നിതിൻ ഗഡ്‌കരിയുമായി കൂടിക്കാഴ്‌ച നടത്തിയത്. എൻസിസി മഹാരാഷ്‌ട്ര ഡയറക്‌ടറേറ്റിലെ അഡീഷണൽ ഡയറക്‌ടർ ജനറലാണ് വിവേക് ത്യാഗി. സംസ്ഥാനത്തെ എൻസിസിയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കായിരുന്നു കൂടിക്കാഴ്‌ചയെന്നാണ് വിശദീകരണം.
ത്യാഗി– ഗഡ്‌കരി സന്ദർശത്തെ രൂക്ഷമായി വിമർശിച്ച് മുൻ സൈനിക ഉദ്യോഗസ്ഥർ രംഗത്തെത്തി. 12 വർഷമായി തുടരുന്ന രാജ്യത്തെ സിവിൽ– സൈനിക കൂട്ടുകെട്ടിന്റെ ഉദാഹരണമാണ് കൂടിക്കാഴ്ച. കൂടിക്കാഴ്‌ചയെ സംബന്ധിച്ച് പിഐബി വിശദമായ പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്. കൂടിക്കാഴ്‌ചയെ പുകഴ്‌ത്തുന്നാതാണ് പിഐബിയുടെ പത്രക്കുറിപ്പെന്നും സൈന്യത്തെ രാഷ്‌ട്രീയവൽക്കരിക്കുന്നതിന്റെ തെളിവാണിതെന്നും പേര് വെളിപ്പെടുത്താത്ത മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ‘ദ വയറി’നോട് പറഞ്ഞു.
നടപടിക്രമങ്ങളെ മറികടന്ന് രാഷ്‌ട്രീയ നേതൃത്വവുമായുള്ള ബന്ധം വളർത്തിയെടുക്കാനുള്ള സായുധ സേന ഉദ്യോഗസ്ഥരുടെ വർധിച്ചുവരുന്ന ശ്രമത്തെയാണ് ഇൗ കൂടിക്കാഴ്‌ച അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്രക്കുറിപ്പിൽ ഗതാഗത മന്ത്രി ആവശ്യങ്ങൾ തന്റെ മന്ത്രാലയത്തെ കൃത്യമായി അറിയിക്കണമെന്ന് സൈനിക ഉദ്യോഗസ്ഥനോട് പറഞ്ഞു. ഇൗ പ്രസ്‌താവന അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും വിരമിച്ചവർ പറഞ്ഞു. ഡൽഹിയിലും ചണ്ഡീഗഡിലുമായുള്ള വിരമിച്ച മറ്റ് ഉദ്യോഗസ്ഥരും ദ വയറിനോട് സമാനമായ ആശങ്ക പങ്കുവെച്ചു. പ്രതിരോധ മന്ത്രാലയത്തിന്റെ സംവിധാനങ്ങളെയും നടപടിക്രമങ്ങളെയും അവഗണിക്കുന്നതിൽ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചു.











0 comments