ad
Deshabhimani

വെള്ളം കുടിച്ചതിന് മലയാളി യുവാവിനെ ഹിന്ദുത്വവാദികൾ തല്ലിക്കൊന്നു

mob attack
വെബ് ഡെസ്ക്

Published on Apr 29, 2025, 10:34 PM | 2 min read

മംഗളൂരു : കർണാടകയിൽ വെള്ളമെടുത്ത്‌ കുടിച്ചതിന്‌ മാനസികാസ്വാസ്ഥ്യമുള്ള മലയാളി യുവാവിനെ തീവ്ര ഹിന്ദുത്വ വാദികൾ തല്ലിക്കൊന്നു. വയനാട്‌ പുൽപ്പള്ളി മൂച്ചീക്കാടൻ കുഞ്ഞീതിന്റെ മകൻ അഷ്‌റഫ്‌ ആണ്‌ കൊല്ലപ്പെട്ടത്‌. കേസിൽ മംഗളൂരു കുടുപ്പുവിലെ തീവ്ര ഹിന്ദുത്വ ക്ലബ്ബായ ‘സാമ്രാട്ട് ഗയ്സി'ലെ ‌15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മർദനത്തിൽ അഷ്‌റഫ്‌ മരിച്ചെന്ന്‌ ഉറപ്പായതോടെ പാകിസ്ഥാൻ അനുകൂലിയാണിയാൾ എന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമവും പ്രതികൾ നടത്തി.


ഞായർ പകൽ മൂന്നിന്‌ കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്തെ മൈതാനത്താണ്‌ സംഭവം. ഇവിടെ ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘത്തിന്റെ വെള്ളം കുടിച്ച അഷ്‌റഫുമായി പ്രതികളിൽ ഒരാളായ സച്ചിൻ വാക്ക് തർക്കത്തിലേർപ്പെട്ടു. പിന്നാലെയെത്തിയ ബിജെപി കോർപറേറ്റർ സംഗീത നായിക്കിന്റെ ഭർത്താവ് രവീന്ദ്ര നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ ബാറ്റടക്കം ഉപയോഗിച്ച്‌ ക്രൂരമായി മർദ്ദിച്ചു. കണ്ട് നിന്നവർ തടയാൻ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല.


മരിച്ചെന്ന്‌ ഉറപ്പായതോടെ പ്രതികൾ രക്ഷപ്പെട്ടു. വൈകിട്ട് അഞ്ചോടെ സ്ഥലത്ത് അജ്ഞാത മൃതദേഹം കണ്ടെന്ന്‌ പൊലീസിന് വിവരം ലഭിച്ചു. പോസ്റ്റ്മാർട്ടത്തിൽ ആന്തരിക രക്തസ്രാവം ഉണ്ടായതും ചികിത്സ ലഭിക്കാൻ വൈകിയതുമാണ്‌ മരണകാരണമെന്ന്‌ തിരിച്ചറിഞ്ഞു.


തുടർന്ന്‌ നടന്ന അന്വേഷണത്തിൽ കുടുപ്പു സ്വദേശികളായ ടി സച്ചിൻ (26), ദേവദാസ് (50), മഞ്ചുനാഥ് (32), നടേശ കുമാർ (33) ദീക്ഷിത് കുമാർ (32), വിവിയൻ അൽവാരിസ് (41). ശ്രീദത്ത (32). പ്രദീപ് കുമാർ (35), ധനുഷ് (31), ദീക്ഷിത് (27), കിഷോർ കുമാർ (37), പെദമാലെ സ്വദേശി സായിദീപ് (29), വാമഞ്ചൂർ സ്വദേശി സന്ദീപ് (23), ബിജയ് സ്വദേശി രാഹുൽ (23) പദവ് സ്വദേശി മനീഷ് ഷെട്ടി (21) എന്നിവർ അറസ്‌റ്റിലായി. കേസിൽ ആദ്യം മുതൽ വിവരങ്ങൾ പുറത്ത് വിടാതെ പൊലീസ് പ്രതികളെ സഹായിക്കാൻ ശ്രമിച്ചെന്ന്‌ ആരോപണം ഉയർന്നു.


കൊല്ലപ്പെട്ടയാൾ പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിച്ചെന്ന പ്രതികളുടെ ന്യായവാദം ആഭ്യന്തര മന്ത്രി ജി പരമേശ്വരയും ഏറ്റുപിടിച്ചു. എന്നാൽ, ആഭ്യന്തര മന്ത്രിക്ക് ഈ വിവരം എവിടെ നിന്ന് കിട്ടിയെന്ന്‌ കോൺഗ്രസ്സ് ന്യൂനപക്ഷ സെൽ അധ്യക്ഷൻ ഷാഹുൽ ഹമീദ് വാർത്ത സമ്മേളനത്തിൽ ചോദിച്ചു. കുറ്റകൃത്യത്തിൽ ഉന്നത വ്യക്തികളുണ്ട്. സംഭവത്തിൽ പൊലിസിന്റെ ഭാഗത്ത് വിലിയ വീഴ്‌ച സംഭവിച്ചെന്നും ഹമീദ് പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home