അമേരിക്കയിലുള്ള ഇന്ത്യക്കാരെ മാന്യമായ രീതിയിൽ തിരിച്ചുകൊണ്ടുവരണം: കെ വി തോമസ്

ന്യൂഡൽഹി: അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലോ, കപ്പലുകളിലോ മാന്യമായി തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്. ഇതിനായി പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
അമേരിക്കൻ നിയമങ്ങൾ ലംഘിച്ചുകൊണ്ട് പ്രവേശിച്ച ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ അമേരിക്ക, മനുഷ്യത്വ രഹിതമായാണ് തിരിച്ചയയ്ക്കുന്നത്. കൈയ്യിലും കാലിലും വിലങ്ങിട്ട് കടുത്ത തണുപ്പിൽ വിമാനത്തിന്റെ തറയിലിരുന്ന് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ട വലിയ ദുരന്തമാണ് ഇന്ത്യൻ കുടിയേറ്റക്കാർ ഇപ്പോൾ അനുഭവിക്കുന്നത്.
സിഖുക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തലപ്പാവും മറ്റ് ആഹാര ഉപകരണങ്ങളും അഴിച്ചുവെച്ച് അപമാനിക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെട്ട് ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലോ, കപ്പലുകളിലോ അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യക്കാരെ മാന്യമായി തിരിച്ചുകൊണ്ടുവരുന്ന സാഹചര്യം ഒരുക്കണം എന്ന് കെ വി തോമസ് പ്രധാനമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ധാരാളം ഇന്ത്യക്കാരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയിരിക്കുന്നത്. എം എ യൂസഫലി, രവിപിള്ള, സണ്ണി വർക്കി തുടങ്ങി നൂറ് കണക്കിന് ഇന്ത്യക്കാരുടെ പരിശ്രമങ്ങൾ ഗൾഫ് മേഖല ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമായിട്ടുണ്ട്.
തിരികെ എത്തുന്ന ഇന്ത്യൻ കുടിയേറ്റക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാനും പ്രധാനമന്ത്രി മുൻകൈയെടുക്കണമെന്ന് കെ വി തോമസ് നിവേദനത്തിൽ സൂചിപ്പിച്ചു.









0 comments