ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം നൽകണം: രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ സ്വകാര്യ ബിൽ

ഡോ ജോൺ ബ്രിട്ടാസ് എംപി
ന്യൂഡൽഹി : രാജ്യത്ത് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഡിഗ്രിതലം വരെ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു. അധ്യാപക യോഗ്യതാ പരീക്ഷയുമായി (ടെറ്റ്) ബന്ധപ്പെട്ട നിബന്ധനകളിൽ ഭേദഗതി നിർദ്ദേശിക്കുന്ന മറ്റൊരു സ്വകാര്യ ബില്ലും ജോൺ ബ്രിട്ടാസ് സമർപ്പിച്ചു.
ഭരണഘടനയനുസരിച്ച് നിലവിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് മാത്രമാണ് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പു നൽകുന്നത്. ഇതിൽ കാലോചിതമായ മാറ്റം വരുത്തി സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഡിഗ്രിതലം വരെയാക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.
സെക്കൻഡറി, ഹയർ സെക്കൻഡറി, ഡിഗ്രി തലങ്ങളിലാണ് രാജ്യത്ത് നിരവധി വിദ്യാർത്ഥികൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. ഇത് തടയാൻ നിയമപരമായ പരിരക്ഷ അത്യാവശ്യമാണ്. കൃത്യമായ വിദ്യാഭ്യാസത്തിന്റെ അഭാവം കുട്ടികളെ ദാരിദ്ര്യത്തിലേക്കും ജനാധിപത്യ പ്രക്രിയകളിലെ പങ്കാളിത്തമില്ലായ്മയിലേക്കും വരെ നയിക്കുന്നു. ആഗോള വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഡിഗ്രി വിദ്യാഭ്യാസം എന്നത് മാന്യമായ തൊഴിലിനും സാമൂഹിക അന്തസ്സിനും അനിവാര്യമായി മാറിയിരിക്കുന്നു. ഇത് എല്ലാവർക്കും ലഭ്യമാക്കാത്തത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ ലംഘനമാണെന്ന് ബിൽ ചൂണ്ടിക്കാട്ടുന്നു.
അധ്യാപക യോഗ്യതാ പരീക്ഷക്ക് (ടെറ്റ്) മുൻകാല പ്രാബല്യം നൽകരുതെന്നതാണ് രണ്ടാമത്തെ ബില്ലിലെ പ്രധാന നിർദ്ദേശം. നിലവിലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പ്രസ്തുത നിയമം നിലവിൽ വരുന്നതിന് മുമ്പ് തന്നെ സർവീസിൽ കയറിയ അധ്യാപകർക്കും ടെറ്റ് നിർബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവ് ലക്ഷക്കണക്കിന് അധ്യാപകരുടെ ജോലിയെ പ്രതികൂലമായി ബാധിക്കുവാൻ പോകുന്ന സാഹചര്യത്തിലാണ് ഈ ഭേദഗതി നിർദ്ദേശം.
അധ്യാപക യോഗ്യതാ പരീക്ഷക്ക് മുൻകാല പ്രാബല്യം നൽകുന്നതിന് വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി നിർദേശിക്കുന്നതാണ് രണ്ടാമത്തെ ബിൽ. നിയമം നിലവിൽ വരുന്നതിന് മുൻപേ സേവനത്തിൽ പ്രവേശിച്ച അധ്യാപകരെ ടെറ്റ് നിബന്ധനയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് വർഷങ്ങളായി ജോലി ചെയ്യുന്ന അധ്യാപകരുടെ സർവീസ് സംരക്ഷിക്കപ്പെടുനെന്ന് ഉറപ്പാക്കാൻ ബിൽ നിർദ്ദേശിക്കുന്നു.










0 comments