Deshabhimani

print edition ജെഎൻയു സമരം വിജയം; വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു

jnu students.JPG
avatar
കെ പി അക്ഷയ്‌

Published on Oct 22, 2026, 01:30 AM | 1 min read

ന്യൂഡൽഹി: ജെഎൻയുവിൽ വിദ്യാർഥി സമരത്തിനുമുന്നിൽ മുട്ടുമടക്കി സംഘപരിവാർ അനുകൂല വൈസ്ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റും അധികൃതരും. നിരാഹാര സമരം 17 ദിവസം പിന്നിട്ടതോടെയാണ് വിദ്യാർഥി യൂണിയന്റെ ആവശ്യങ്ങൾ സര്‍വകലാശാല അംഗീകരിച്ചത്. സമരം ചെയ്തതിന്‌ രണ്ട്‌ സെമസ്റ്ററിലേക്ക്‌ പുറത്താക്കിയ യൂണിയൻ പ്രസിഡന്റ്‌ അദിതി മിശ്ര, മലയാളിയായ വൈസ്‌പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ കെ ഗോപിക ബാബു, ജനറൽ സെക്രട്ടറി സുനിൽ യാദവ്‌, ജോയിന്റ്‌ സെക്രട്ടറി ഡാനിഷ്‌ അലി, മുൻ പ്രസിഡന്റ്‌ നിധീഷ്‌ കുമാർ എന്നിവരെ തിരിച്ചെടുത്തു.


സമരം ചെയ്തതിന്‌ വിദ്യാർഥികൾക്കെതിരെ എടുത്ത നാല്‌ കേസും പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാമെന്നും അധികൃതർ അറിയിച്ചു. സർവകലാശാല പരിസരത്ത്‌ പ്രതിഷേധം വിലക്കുന്ന നിയമങ്ങൾ പിൻവലിക്കും. കാന്പസിലെ അടിസ്ഥാന സ‍ൗകര്യം മെച്ചപ്പെടുത്തുക, ലൈംഗികാതിക്രമവും ജാതിവിവേചനവും തടയാൻ നടപടിയെടുക്കുക, നിയമനവിവാദത്തിൽ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പരിഗണിക്കാമെന്ന്‌ അധികൃതര്‍ രേഖാമ‍ൂലം ഉറപ്പുനൽകി.


ഒക്‌ടോബർ മൂന്നിനാണ്‌ 18 വിദ്യാർഥികൾ നിരാഹാരം ആരംഭിച്ചത്‌. ആരോഗ്യനില വഷളായതിനാൽ 11 പേരെ ആശുപത്രിയിലേക്ക്‌ മാറ്റി. ഗോപിക, അദിതി എന്നിവരുൾപ്പെടെ ഏഴുപേർ 17 ദിവസവും നിരഹാരമിരുന്നു. ആദ്യഘട്ടം സമരത്തെ മാനിക്കാൻ അധികൃതർ തയ്യാറായില്ല. വൈദ്യപരിശോധന നിഷേധിച്ചു. സമരം ശക്തമായതോടെയാണ് സർവകലാശാല ചർച്ചയ്‌ക്ക്‌ തയ്യാറായത്. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌, എഐഎസ്‌എഫ്‌, ദിശ സംഘടനകളും അധ്യാപകരും സമരത്തിൽ അണിചേർന്നു.


ഒത്തൊരുമയുടെ വിജയം


ജെഎൻയുവിലെ സമരവിജയം വിദ്യാർഥികൾ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണെന്ന്‌ വിദ്യാർഥി യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ കെ ഗോപിക ബാബു പറഞ്ഞു. നിരാഹാര സമരത്തിന്റെ ഏഴാം ദിവസം വിസിയുടെ വസതിയിലേക്ക്‌ നടന്ന മാർച്ചിൽ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് അണിനിരന്നത്. എസ്‌എഫ്‌ഐ ഉൾപ്പെടെ ഇടതുപക്ഷ വിദ്യാർഥി സംഘടനകളാണ്‌ സമരത്തിന്റെ നേതൃത്വമായത്‌. ക്രൂരവും മനുഷ്യത്വരഹിതവുമായാണ്‌ സർവകലാശാല അധികൃതർ പെരുമാറിയത്‌. ​സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, വി ശിവദാസൻ എംപി എന്നിവർ സമരത്തിന്‌ ഐക്യദാർഢ്യം അറിയിച്ച്‌ കാന്പസിലെത്തി. എംപിമാർ രാഷ്‌ട്രപതിക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും കത്തയച്ചതും സമരം മുന്നോട്ടുകൊണ്ടുപോകാൻ ഉ‍ൗർജമായി–ഗോപിക ദേശാഭിമാനിയോട്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home