ക്രമക്കേട്: 44 വ്യത്യസ്ത പരീക്ഷകളുടെ പട്ടിക പുറത്തുവിട്ട് ജാർഖണ്ഡ് സർക്കാർ

റാഞ്ചി: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയ 44 വ്യത്യസ്ത പരീക്ഷകളുടെ പട്ടിക പുറത്തുവിട്ട് ജാർഘണ്ഡ് സർക്കാർ. സംസ്ഥാനത്ത് വിദ്യാർഥി സമരം ശക്തമായതിനെ തുടർന്നാണ് പുതിയ നടപടി.
തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം, പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ ജെഎസ്എസ്സി കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയും കരാർ ഏജൻസിയായ ടിഡിപിഎൽ നടത്തിയ മുഴുവൻ പരീക്ഷകളും അവയുടെ ഫലങ്ങളും റദ്ദാക്കിയതായി മുഖ്യമന്ത്രി ഹേമന്ത് സോറൻ വ്യക്തമാക്കിയിരുന്നു.ഡ്രഗ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി കലക്ടർ, ഡെന്റൽ ഡോക്ടർ, അസിസ്റ്റന്റ് എഞ്ചിനീയർ, സിവിൽ ജഡ്ജ്, അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ, ഗവൺമെന്റ് പോളിടെക്നിക് ലക്ചറർ, സീനിയർ സയന്റിഫിക് ഓഫീസർ തുടങ്ങിയ പരീക്ഷകളാണ് റദ്ദാക്കിയത്.
2014 മുതൽ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷനും കരാർ ഏജൻസിയായ ടിഎസ്ആർ ഡാറ്റാ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡും നടത്തിയ പരീക്ഷകളാണ് റദ്ദാക്കിയത്. എട്ട് വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെയാണ് സർക്കാർ തീരുമാനം അറിയിച്ചത്. സീനിയർ ഐഎഎസ് ഉദ്യോഗസ്ഥൻ അമിതാഭ് കൗശലിന്റെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ച സമിതി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
ജെപിഎസ്സി, ജെഎസ്എസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കാൻ ഹൈക്കോടതിയോട് അഭ്യർഥിക്കുമെന്നും സർക്കാർ അറിയിച്ചു. പരീക്ഷാ ബോർഡുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഇന്റേർണൽ വിജിലൻസ് സെൽ സ്ഥാപിക്കും.










0 comments