ad
Deshabhimani

ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ യൂറോപ്യൻ യൂണിയന് അടിയറവ് വെക്കുന്നു; സ്വതന്ത്ര വ്യാപാര കരാറിനെ എതിർത്ത് സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Jan 27, 2026, 06:59 PM | 2 min read

ന്യൂഡൽഹി : യൂറോപ്യൻ യൂണിയനുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ (എഫ്‌ടി‌എ) എതിർക്കുന്നതായി സിപിഐ എം പിബി പ്രസ്താവനയിൽ പറഞ്ഞു. ഈ കരാർ ഇന്ത്യയുടെ സാമ്പത്തിക താൽപ്പര്യങ്ങളെ മുഴുവൻ യൂറോപ്യൻ യൂണിയന് കീഴിൽ അടിയറവ് വെക്കുന്നതിന് തുല്യമാണ്.


കരാറിലെ വ്യവസ്ഥകൾ പ്രകാരം, യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെയും തീരുവ ഇന്ത്യ ഒഴിവാക്കുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്യും. ഇതിൽ ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾ (110 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക്), ഇരുമ്പ്, സ്റ്റീൽ (22 ശതമാനത്തിൽ നിന്ന് 0 ശതമാനത്തിലേക്ക് , ഫാർമസ്യൂട്ടിക്കൽസ് (11 ശതമാനത്തിൽ നിന്ന് 0 ശതമാനത്തിലേക്ക്), വീഞ്ഞും മറ്റ് മദ്യങ്ങളും (150 ശതമാനത്തിൽ നിന്ന് 40 ശതമാനത്തിലേക്ക്), സംസ്കരിച്ച ഭക്ഷണങ്ങൾ (50 ശതമാനത്തിൽ നിന്ന് 0 ശതമാനത്തിലേക്ക്, ആട്ടിറച്ചി (33 ശതമാനത്തിൽ നിന്ന് 0 ശതമാനത്തിലേക്ക്) എന്നിവ ഉൾപ്പെടുന്നു.


ഇത്രയും വലിയ തീരുവ ഇളവുകൾ നൽകുന്നത് രാജ്യത്തെ ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽ, മെഷിനറി വ്യവസായങ്ങളെ ഗുരുതരമായും പ്രതികൂലമായും ബാധിക്കും. ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏതാനും വർഷങ്ങൾക്കുള്ളിൽ 107.6 ശതമാനം വർധിക്കുമെന്നാണ് യൂറോപ്യൻ യൂണിയൻ തന്നെ പറയുന്നത്. ഓട്ടോമൊബൈൽ, ഇലക്ട്രിക്കൽ മെഷിനറികൾ മുതലായവയുടെ ഇറക്കുമതി കൂടുന്നത് തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കും. കാറുകളുടെയും വീഞ്ഞിന്റെയും വില കുറയുന്നത് സമ്പന്നർക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. അതേസമയം തീരുവ ഇളവുകൾ നൽകുന്നത് തൊഴിലാളികളുടെയും കർഷകരുടെയും സാധാരണക്കാരുടെയും ഉപജീവനമാർ​ഗം തകർക്കും.


കൂടാതെ, ഇസ്രായേലിലെ ഹൈഫ തുറമുഖത്തെ ഒരു പ്രധാന ഗതാഗത കേന്ദ്രമാക്കി, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ശക്തിപ്പെടുത്താനും എഫ്ടിഎ ലക്ഷ്യമിടുന്നു. ലോകം മുഴുവൻ ഇസ്രായേലിനെ വംശവെറിയൻ രാജ്യമായി പ്രഖ്യാപിക്കണമെന്നും ഗാസയിലെ വംശഹത്യയിൽ ഇസ്രയേലിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെടുന്ന സമയത്ത്, ഇന്ത്യൻ സർക്കാർ ഈ സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇസ്രായേലുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാൻ തീരുമാനിക്കുകയാണ്. ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ല.


ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളുടെ ചർച്ചകളിലും രാജ്യത്തെ കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾ നിരന്തരം അവ​ഗണിക്കുകയാണ്. സ്വതന്ത്ര വ്യാപാര കരാറിന്റെ പൂർണ്ണരൂപം പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് സർക്കാർ പ്രസിദ്ധീകരിക്കണമെന്നും കരാറിൽ ചർച്ച നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഒപ്പുവച്ച എല്ലാ ജനവിരുദ്ധ എഫ്‌ടി‌എകളും റദ്ദാക്കുകയും കർഷകരുടെയും തൊഴിലാളികളുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യണമെന്നും സിപിഐ എം പി ബി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home