ad
Deshabhimani

ഗുരുനാനാക് ജയന്തിക്ക് പാകിസ്ഥാനിലെ ജന്മകുടീരത്തിലേക്കുള്ള തീർത്ഥാടനത്തിന് ഉടക്കിട്ട് കേന്ദ്ര സർക്കാർ

Nankana Sahib in Pakistan
വെബ് ഡെസ്ക്

Published on Sep 16, 2025, 03:17 PM | 2 min read

ലുധിയാന: ഗുരുനാനാക് 'പ്രകാശ് പുർബ്' ദിനത്തിൽ പാകിസ്ഥാനിലെ ശ്രീ നങ്കാന സാഹിബിലേക്ക് തീർത്ഥാടന യാത്ര നടത്തുന്നതിനുള്ള സിഖ് ജാഥകളുടെ അപേക്ഷകൾ പ്രോസസ്സ് ചെയ്യരുതെന്ന് വിവിധ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.


അകാൽ തക്ത് ജാഥേദാർ ഗ്യാനി കുൽദീപ് സിംഗ് ഗർഗജ്, ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) എന്നിവരും നിരവധി രാഷ്ട്രീയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. നിർദ്ദേശം പുനഃപരിശോധിക്കണമെന്ന് ശിരോമണി അകാലിദൾ (എസ്എഡി) പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ ആവശ്യപ്പെട്ടു.


രാജ്യങ്ങൾക്കിടയിൽ ഏറ്റവും വലിയ ശത്രുത നിലനിന്നിരുന്ന ഘട്ടത്തിൽ പോലും ഗുരുജയന്തി ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ജാഥ തടഞ്ഞിരുന്നില്ല. ഇപ്പോൾ യാത്രയ്ക്കുള്ള അപേക്ഷകൾ അനുവദിക്കരുതെന്ന് നിർദ്ദേശിച്ച് പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കേന്ദ്ര സർക്കാർ ഉത്തരവ് നൽകിയിരിക്കയാണ്.


ഇരു രാജ്യങ്ങളും തമ്മിൽ ഒരു ക്രിക്കറ്റ് മത്സരം നടത്താൻ കഴിയുമെങ്കിൽ, സിഖ് ഭക്തരെ പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കാത്തതെന്താണെന്ന് ഗ്യാനി ഗർഗജ് ചോദിച്ചു.


പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ആഭ്യന്തര വകുപ്പിന്റെ അണ്ടർ സെക്രട്ടറി വഴിയാണ് യാത്രാ രേഖകൾ അനുവദിക്കരുത് എന്ന ഉത്തരവ് നൽകിയിരിക്കുന്നത്. കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്ന സിഖ് സമൂഹത്തിന്റെ ആവശ്യവും പരിഗണിക്കപ്പെടാതെ തുടരുകയാണ്.


1950-ലെ നെഹ്‌റു-ലിയാഖത്ത് ഉടമ്പടി പ്രകാരം സിഖ് തീർത്ഥാടകർക്ക് പാകിസ്ഥാനിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കുറഞ്ഞത് നാല് സുപ്രധാന അവസരങ്ങളിലെങ്കിലും അനുമതി നൽകി വരുന്നതാണ്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ഗുരുനാനാക് ദേവിന്റെ 'പ്രകാശ് ഗുരുപുരാബ്' (ജന്മവാർഷികം) ആണ്.


ശ്രീ നങ്കാന സാഹിബിൽ ഈ ശുഭദിനത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ അനുമതി നിഷേധിക്കുന്നത് വിശ്വാസികളുടെ അവകാശ നിഷേധമാണ്. ഇത് പുനപരിശോധിക്കണമെന്ന് സുഖ്ബീർ സിംഗ് ബാദൽ പറഞ്ഞു.


സിഖ് ജാഥകൾക്ക് അനുമതി നിഷേധിക്കുന്നതിൽ ആശങ്ക ഉന്നയിച്ച് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പരംജിത് സിംഗ് സർണ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. കേന്ദ്ര തീരുമാനം പുനഃപരിശോധിക്കണമെന്നും എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്ന മതപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ആവശ്യപ്പെട്ടു.


മുമ്പ് തൽവണ്ടി എന്നറിയപ്പെട്ടിരുന്ന നങ്കാന സാഹിബ് പട്ടണത്തിലാണ് ഗുരുദ്വാര നങ്കാന സാഹിബ്. മേത്ത കാലുവിനും മാതാ തൃപ്തയ്ക്കും മകനായി ആദ്യത്തെ സിഖ് ഗുരു ജനിച്ച സ്ഥലത്തെയാണ് അടയാളപ്പെടുത്തുന്നത്. ലാഹോർ നഗരത്തിൽ നിന്ന് ഏകദേശം 75 കിലോമീറ്റർ അകലെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. 1600-ൽ നാനാക് ദേവ്ജിയുടെ ചെറുമകനായ ബാബ ധരം ചന്ദാണ് ഗുരുദ്വാര നിർമ്മിച്ചത് എന്ന് കരുതുന്നു.


തൽവണ്ടി ഗ്രാമത്തിലെ മുസ്ലീം തലവനായ റായ് ബുലാർ ഭട്ടി ഗുരുവിന് നൽകിയ 18,750 ഏക്കർ ഭൂമിയിലാണ് ഈ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്നത്. ഗുരുനാനാക്കിന്റെ ജീവിതത്തിലെ വ്യത്യസ്തമായ അത്ഭുത സംഭവങ്ങളുടെ വിശ്വാസത്തിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച നിരവധി ചരിത്രപ്രാധാന്യമുള്ള ഗുരുദ്വാരകൾ നങ്കാന സാഹിബിൽ ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home