മഹാരാഷ്ട്രയിൽ മാളിൽ തോക്കുധാരികളുടെ ആക്രമണം: ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമെന്ന് സംശയം

വീഡിയോ സ്ക്രീൻഷോട്ട്- PTI
പുണെ : മഹാരാഷ്ട്രയിലെ പിംപ്രി ചിഞ്ച്‌വാഡിലുള്ള ഒരു ഫർണിച്ചർ മാളിൽ തോക്കുധാരികളുടെ ആക്രമണം. ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തതായാണ് പരാതി. ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് സംശയമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവർ എന്ന തരത്തിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ വന്നതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രി 9ഓടെയാണ് സംഭവം. റാവെറ്റ് പ്രദേശത്തെ എജെ ഫർണിച്ചർ മാളിലാണ് ആക്രമണമുണ്ടായത്. അക്രമികൾ ഒന്നിലധികം റൗണ്ട് വെടിയുതിർക്കുകയും സ്ഥാപനത്തിന്റെ മുൻഭാഗത്തെ ഗ്ലാസ് തകർക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
വെടിവയ്പ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്ഥാപന ഉടമയ്ക്ക് ഒരു ഭീഷണി ഫോൺ കോൾ ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. വെടിവയ്പ്പിന് ശേഷം, ലോറൻസ് ബിഷ്‌ണോയി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് ഉടമയ്ക്ക് അയച്ചതായും റിപ്പോർട്ടുണ്ട്.
ഉത്തരവാദിത്തം ഏറ്റെടുത്ത് ആർസൂ ബിഷ്‌ണോയിയും ശുഭം ലോങ്കറും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് ഞങ്ങൾ പരിശോധിച്ചുവരികയാണ്. ബിഎൻഎസ് ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പിംപ്രി ചിഞ്ച്‌വാഡ് ഡിസിപി (ക്രൈം) ശിവാജി പവാർ പറഞ്ഞു. ഫർണിച്ചർ മാളിന് പുറത്ത് ബൈക്കിൽ എത്തിയ രണ്ട് അജ്ഞാതർ വെടിയുതിർക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.











0 comments