'കുടുംബമഹിമ' കാക്കാൻ കൊലപാതകം; പ്രതിശ്രുത വരനെ കൊലപ്പെടുത്തിയത് ഒളിച്ചോട്ടം നാണക്കേടാകുമെന്ന ഭയത്താൽ

പൂനെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ ട്രെക്കിംഗിനിടെ യുവാവിനെ തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രതികൾ. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന തെറ്റായ ബോധമാണ് പ്രതിശ്രുത വരനെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ചതെന്ന് പിടിയിലായ കാമുകൻ ചേതൻ ചൗധരി പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ കാമുകി സിയ ഗോയൽ (20), ചേതൻ ചൗധരി എന്നിവരെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിസിനസുകാരനായ കേതൻ അഗർവാളുമായി സിയയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ ചേതനുമായി പ്രണയത്തിലായിരുന്ന സിയക്ക് ഈ വിവാഹത്തിന് താല്പര്യമില്ലായിരുന്നു. ഒളിച്ചോടുന്നതിനെക്കുറിച്ച് ഇരുവരും ആലോചിച്ചിരുന്നെങ്കിലും, വിവാഹം മുടങ്ങുന്നത് കുടുംബത്തിന് വലിയ അപമാനമുണ്ടാക്കുമെന്ന ഭയത്താൽ സിയ ഇതിന് വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് കേതനെ അപകടത്തിൽപ്പെടുത്തി കൊലപ്പെടുത്താൻ ഇവർ ക്രൂരമായ ഗൂഢാലോചന നടത്തിയത്.
ജൂൺ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ട്രെക്കിംഗിനിടെ കേതൻ കാൽ തെറ്റി വീണതാണെന്നാണ് സിയ ആദ്യം വീട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാൽ, കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് നാടകീയമായ വഴിത്തിരിവ് ലഭിച്ചു. കടുത്ത ചൂടുള്ള ദിവസമായിട്ടും മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡിയും ഹെഡ്‌സെറ്റും ധരിച്ച് ഒരാൾ ഇവരെ പിന്തുടരുന്നതായി പൊലീസ് കണ്ടെത്തി.
യാത്രയ്ക്കിടയിൽ സിയ തിരിഞ്ഞുനോക്കുമ്പോൾ ഈ ഹൂഡി ധാരി ഒളിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ കൂടി ലഭിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും ജൂൺ 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.










0 comments