അധികാര കേന്ദ്രങ്ങളെ വിറപ്പിച്ച് ഡൽഹിയിൽ കർഷക പ്രതിഷേധം

ന്യൂഡൽഹി: സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തുന്നത് അടക്കമുള്ള ആവശ്യങ്ങളുയർത്തി കർഷകസംഘടനകൾ സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രക്ഷോഭത്തിൽ പ്രതിഷേധമിരമ്പി. ഐതിഹാസിക കർഷകസമരത്തിന്റെ ആറാം വാർഷികം മുൻനിർത്തിയാണ് ഭരണഘടനാ ദിനം കൂടിയായ വ്യാഴാഴ്‌ച കർഷകർ വീണ്ടും സംഘടിച്ചത്. ഡൽഹിയിൽ മന്ദിർമാർഗിൽ നിന്ന് ജന്തർമന്തറിലേക്ക് കർഷകർ മാർച്ച് ചെയ്തു
വോട്ടർപ്പട്ടികയുടെ തീവ്രപുനഃപരിശോധന (എസ്‌ഐആർ) റദ്ദാക്കുക, മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെയ്‌ക്കുക എന്നീ ആവശ്യങ്ങളുയർത്തി പീപ്പിൾ എഗെയ്‌ൻസ്‌റ്റ് എസ്‌ഐആറും എസ്‌എഫ്‌ഐ അടക്കമുള്ള ബഹുജന സംഘടനകളും പ്രക്ഷോഭത്തിൽ പങ്കാളികളായി. ട്രേഡ്‌യൂണിയനുകളും കർഷകതൊഴിലാളി സംഘടനകളുമെല്ലാം പ്രക്ഷോഭത്തിന്റെ ഭാഗമായി. രാജ്യതലസ്ഥാനമായ ഡൽഹി അടക്കം വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ കേന്ദ്രങ്ങളിലാണ് കർഷകർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
പീപ്പിൾ എഗെയ്‌ൻസ്‌റ്റ് എസ്‌ഐആറിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിന്നും. നേഹ ബോറ, പി കെ ശ്രീമതി, കാണിനിക ഘോഷ് എന്നിവർ മുൻ നിരയിൽ| ഫോട്ടോ: പി വി സുജിത്
2021 ഡിസംബറിൽ കർഷകസമരം ഒത്തുതീർപ്പായ ഘട്ടത്തിൽ നിയമാനുസൃമുള്ള മിനിമം താങ്ങുവില അടക്കമുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം നൽകിയിരുന്നു. എന്നാൽ ഇൗ ഉറപ്പുകൾ ഒന്നും തന്നെ പാലിക്കാൻ അഞ്ചുവർഷമായിട്ടും സർക്കാർ കൂട്ടാക്കിയിട്ടില്ല. സമഗ്രമായ കൃഷി ചെലവിനേക്കാൾ അമ്പത് ശതമാനം അധികം വരുന്ന തുക മിനിമം താങ്ങുവിലയായി നിയമപരമായി ഉറപ്പുവരുത്തണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. ഇന്ത്യാ–യുഎസ് വ്യാപാര കരാറിൽ നിന്ന് പിൻവാങ്ങുക, എല്ലാ സ്വതന്ത്രവ്യാപാര കരാറുകളും റദ്ദാക്കുക, സമഗ്രമായ വായ്‌പാ ഇളവ്, ആത്‌മഹത്യ ചെയ്‌ത കർഷകരുടെ കുടുംബത്തിന് 25 ലക്ഷം വീതം നഷ്ടപരിഹാരം, വൈദ്യുതി– വിത്ത് ബില്ലുകൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷകസംഘടനകൾ മുന്നോട്ടുവെയ്‌ക്കുന്നു.









0 comments