print edition ഹരിയാനയിൽ ആളിക്കത്തി കർഷകരോഷം

പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:47 AM | 1 min read
ന്യൂഡൽഹി : വിള സംഭരണത്തിന് ഏകപക്ഷീയമായി പുതിയ ചട്ടങ്ങൾ കൊണ്ടുവന്ന ബിജെപി സർക്കാരിന് എതിരെ ഹരിയാനയിൽ കർഷകരോഷം ആളിക്കത്തി. സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് പലയിടത്തും കർഷകർ റോഡുപരോധിച്ചു. ദേശീയപാതകളിൽ മണിക്കൂറുകൾ നീണ്ട ധർണകളും സംഘടിപ്പിച്ചു. ആംബുലൻസും അടിയന്തിര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും കടത്തിവിട്ട് തികച്ചും സമാധാനപൂർണമായ പ്രതിഷേധങ്ങളാണ് കർഷകർ നടത്തിയത്. ഗോതന്പ് സംഭരണം കൂടുതൽ സുതാര്യമാക്കാനെന്ന പേരിൽ കൊണ്ടുവന്ന പുതിയ ചട്ടങ്ങളാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. സിർസ, ഫത്തേഹാബാദ്, ഹിസാർ, ഭിവാനി, റോത്തക്, ജിണ്ട്, കൈതൽ, പൽവൽ, ജജ്ജാർ, റേവാരി, സോണിപത്ത്, കുരുക്ഷേത്ര എന്നിവിടങ്ങളിൽ വലിയ കർഷകപങ്കാളിത്തത്തോടെ പ്രതിഷേധങ്ങൾ നടന്നു.
‘മേരി ഫസൽ മേരാ ബ്യോരാ’ ഡിജിറ്റൽ പോർട്ടൽ രജിസ്‌ട്രേഷൻ, ആധാർ കേന്ദ്രീകൃത സ്ഥിരീകരണം, ഗേറ്റ്‌പാസിന് വാഹനനന്പർ രജിസ്‌ട്രേഷൻ തുടങ്ങിയവ പുതിയ ചട്ടങ്ങൾ അനുസരിച്ച് നിർബന്ധമാക്കിയിരുന്നു. സംഭരണപ്രക്രിയ കൂടുതൽ സങ്കീർണമാക്കി മിനിമം താങ്ങുവില നിഷേധിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കർഷകർ ചൂണ്ടിക്കാട്ടി. അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റും എസ്‌കെഎം നേതാവുമായ ഇന്ദർജിത്‌സിങ്‍, സംസ്ഥാന പ്രസിഡന്റ് മാസ്‌റ്റർ ബൽബീർ, സെക്രട്ടറി സുമിത്‌സിങ് തുടങ്ങിയവർ സംസാരിച്ചു. സമാധാനപൂർണമായ പ്രതിഷേധങ്ങൾ ശക്തമായ സൂചനയായി അധികാരികൾ കാണണമെന്നും അതിനെ നിഷേധിച്ചാൽ വൻ പ്രതിഷേധകൊടുങ്കാറ്റ് നേരിടേണ്ടി വരുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.










0 comments