മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ്: ഹിന്ദുത്വ വിഭാഗം ഹർജിക്കാരുടെ തർക്കം സുപ്രീംകോടതിയിൽ

ന്യൂഡൽഹി : യുപി മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് നീക്കണമെന്നാവശ്യപ്പെടുന്ന ഹിന്ദുത്വവിഭാഗം ഹർജിക്കാരിലെ തർക്കം സുപ്രീംകോടതിയിൽ. വിഷയത്തിൽ പതിനേഴാമതായി സ്യൂട്ട് നൽകിയ കക്ഷിയെ ‘ഭഗവാൻ കൃഷ്ണന്റെ മുഴുവൻ ഭക്തരുടെയും പ്രതിനിധി’യെന്ന നിലയിൽ അംഗീകരിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഒന്നാം സ്യൂട്ട് നൽകിയ കക്ഷികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
രഞ്ജന അഗ്നിഹോത്രി, പ്രവേശന് കുമാർ, രാജേഷ് മണി ത്രിപാഠി, കരുണേഷ് കുമാർ ശുക്ല, ശിവാജി സിംഗ്, ത്രിപുരപുരി തിവാരി ചേർന്ന് ‘ഭഗവാന്റെ അടുത്ത സുഹൃത്ത്’ എന്ന പേരിൽ ഒന്നാം സ്യൂട്ട് നൽകിയിരുന്നത്.
മുഴുവൻ വിശ്വാസികളെയും പ്രതിനിധീകരിക്കാൻ പതിനേഴാമതായി മാത്രം സ്യൂട്ട് നൽകിയ കക്ഷിയെ അനുവദിച്ച ഹൈക്കോടതി തീരുമാനം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ ഹർജി കോപ്പി പേസ്‌റ്റ് അടിച്ച് നൽകുകയായിരുന്നുവെന്നും ഒന്നാം കക്ഷിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. ഹൈക്കോടതി മറ്റ് കക്ഷികൾക്ക് നോട്ടീസ് അയക്കുകയോ നടപടിക്രമങ്ങൾ പിന്തുടരുകയോ ചെയ്‌തില്ല.
ഹർജി പരിഗണിച്ച ജസ്‌റ്റിസുമാരായ സഞ്ജയ് കുമാറും അലോക് ആരാധെയും അടുത്ത തിങ്കളാഴ്‌ച തുടർവാദം കേൾക്കാമെന്ന് അറിയിച്ചു.അയോധ്യയ്‌ക്ക് ശേഷം അടുത്ത രാഷ്‌ട്രീയ പദ്ധതിയായി ആർഎസ്‌എസും തീവ്രഹിന്ദുത്വവാദികളും പ്രഖ്യാപിച്ചിരിക്കുന്നതാണ് മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്. ശ്രീകൃഷ്‌ണന്റെ ജന്മസ്ഥലമാണിതെന്ന് അവകാശപ്പെടുന്ന തീവ്രഹിന്ദുത്വവാദികൾ മസ്‌ജിദ് പൊളിച്ച് നീക്കാനാണ് കോടതി വഴി ശ്രമിക്കുന്നത്.









0 comments