ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു

photo credit: facebook
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം ആശിഷ് സൂദ്, പർവേഷ് വർമ, മഞ്ജീന്ദർ സിങ് സിർസ, കപിൽ മിശ്ര, പങ്കജ് കുമാർ സിങ്, രവീന്ദർ ഇന്ദ്രജ് സിങ് എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും ഡൽഹിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ നട്ടം തിരിയുകയായിരുന്നു ബിജെപി. അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ ബിജെപി പ്രഖ്യാപിച്ചത്. പർവേഷ് വർമ, മുതിർന്ന നേതാവും ജനക്‌പുരി എംഎൽഎയുമായ ആശിഷ്‌സൂദ്, ഡൽഹി ബിജെപി മുൻ അധ്യക്ഷനും രോഹിണി എംഎൽഎയുമായ വിജേന്ദർ ഗുപ്‌ത, മാൾവ്യനഗർ എംഎൽഎയും ആർഎസ്‌എസിന്റെ പ്രിയങ്കരനുമായ സതീഷ് ഉപാധ്യായ, ഗ്രേറ്റർ കൈലാഷിൽ നിന്നുള്ള വനിതാനേതാവ് ശിഖാറോയ്, ദേശീയ വനിതാകമീഷൻ മുൻ അധ്യക്ഷയും ഷാലിമാർബാഗ് എംഎൽഎയുമായ രേഖാശർമ, പൂർവ്വാഞ്ചൽ മേഖലയുടെ പ്രതിനിധിയും എംപിയുമായ മനോജ്‌തിവാരി, കിഴക്കൻ ഡൽഹി എംപിയും കേന്ദ്രമന്ത്രിയുമായ ഹർഷ് മൽഹോത്ര, മുൻ കേന്ദ്രമന്ത്രി സുഷ്‌മാ സ്വരാജിന്റെ മകളും എംപിയുമായ ഭാൻസുരി സ്വരാജ് തുടങ്ങി നിരവധി നേതാക്കൾ മുഖ്യമന്ത്രിയാവാൻ രംഗത്തുണ്ടായിരുന്നു.









0 comments