print edition ബിഹാർ തെരഞ്ഞെടുപ്പ്: സിപിഐ എമ്മിന് നാലിടത്തും ജയപ്രതീക്ഷ

പട്‌ന: ‘മത്സരിക്കുന്ന നാല് സീറ്റിലും ജനങ്ങളുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. നാലിടത്തും ജയപ്രതീക്ഷയാണുള്ളത്’– സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം അവ്‌ധേഷ്‌കുമാർ പറഞ്ഞു. വിഭുതിപുരിലും മാഞ്ചിയിലും സിറ്റിങ്ങ് എംഎൽഎമാരായ അജയ്‌കുമാറും ഡോ. സത്യേന്ദ്രയാദവും ജനങ്ങൾക്ക് പ്രിയങ്കരരാണ്. ഹയാഘട്ടിലെ സ്ഥാനാർഥി ശ്യാം ഭാരതിയും രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പിപ്രയിലെ സ്ഥാനാർഥി രാജ്‌മംഗൾപ്രസാദും പ്രക്ഷോഭങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചവരാണ്. വിഭൂതിപുരിലും മാഞ്ചിയിലും സിറ്റിങ്ങ്‌എംഎൽഎമാരുടെ പ്രവർത്തനങ്ങൾ അക്കമിട്ട് നിരത്തിയ പ്രോഗ്രസ്‌കാർഡുകൾ പുറത്തിറക്കി. എംഎൽഎ ഫണ്ടിലെ തുകയ്ക്ക് അപ്പുറവും ചെലവിട്ട് ഇരുമണ്ഡലങ്ങളിലും വികസനമെത്തിക്കാൻ സാധിച്ചു.
നാല് മണ്ഡലത്തിലും സിപിഐ എം ശക്തമായ പ്രചരണമാണ് നടത്തുന്നത്. പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ എ വിജയരാഘവനും അശോക്‌ധാവ്‌ളെയും പലവട്ടം ബിഹാറിലെത്തി പ്രചരണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വരുംദിവസങ്ങളിൽ പിബി അംഗം മുഹമദ് സലീം, മുതിർന്ന നേതാക്കളായ ബൃന്ദാകാരാട്ട്, സ-ുഭാഷിണി അലി തുടങ്ങിയവര്‍ പ്രചാരണത്തിനെത്തും. സിപിഐ എം സംസ്ഥാനസെക്രട്ടറി ലലൻചൗധ്‌രി ഹയാഘാട്ടിലും സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങൾ വിവിധ മണ്ഡലങ്ങളിലും തങ്ങി പ്രവർത്തനം ഏകോപിപ്പിക്കുന്നു.









0 comments