ad
Deshabhimani

കാട്ടിലേക്ക് വിട്ടയച്ചിട്ട് ഒരുദിവസം മാത്രം; കുനോയിൽ ചീറ്റക്കുഞ്ഞ് ചത്ത നിലയിൽ

Cheetah.jpg

@Uttam_K_Sharma

വെബ് ഡെസ്ക്

Published on Dec 06, 2025, 07:17 AM | 1 min read

ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട ചീറ്റക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി. ദേശീയോദ്യാനത്തിലെ വനത്തിലേക്ക് ഒരു ദിവസം മുമ്പ് തുറന്നുവിട്ട രണ്ട് ചീറ്റക്കുഞ്ഞുങ്ങളിൽ ഒന്നിനെ വെള്ളിയാഴ്ച ചത്ത നിലയിൽ കണ്ടെത്തിയതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. പെൺചീറ്റ വീരയുടെ കുഞ്ഞുങ്ങളിൽ ഒന്നാണ് ചത്തുപോയത്.


അന്താരാഷ്ട്ര ചീറ്റ ദിനമായ ഡിസംബർ നാലിന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് രണ്ട് ചീറ്റകുഞ്ഞുങ്ങളെ വനത്തിലേക്ക് തുറന്നുവിട്ടത്. കൃത്യമായ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം സ്ഥിരീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. നിലവിൽ കുനോ ദേശീയോദ്യാനത്തിൽ 28 ചീറ്റകളാണുള്ളത്. അവശേഷിക്കുന്ന എല്ലാ ചീറ്റകളും ആരോഗ്യത്തോടെയിരിക്കുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


കഴിഞ്ഞ ദിവസം ചീറ്റ നീർവ അഞ്ച്‌ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. നീർവ പ്രസവിക്കുന്നതിനുമുമ്പ്‌ 24 ചീറ്റകളാണുണ്ടായിരുന്നത്‌. അതിൽ 14 എണ്ണവും ഇന്ത്യയിലാണ്‌ ജനിച്ചത്‌. 2022 സെപ്റ്റംബർ 17ന് അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകളെയും കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്നിരുന്നു.


രാജ്യത്ത്‌ വംശനാശം സംഭവിച്ച ഒരു വിഭാഗമാണ്‌ ചീറ്റ. 1952-ലാണ് ഇന്ത്യയിൽ ചീറ്റകൾ വംശമറ്റതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നത്. ഇവയെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും നിരവധി ചീറ്റകളെ കെഎൻപിയിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു. പ്രൊജക്റ്റ് ചീറ്റയെന്നാണ്‌ പദ്ധതിയുടെ പേര്‌. പ​ദ്ധതിയുടെ ഭാഗമായി മധ്യേന്ത്യയിൽ ചീറ്റകൾക്ക് അതിജീവിക്കാൻ അനുകൂല സാഹചര്യമുള്ള ഇടങ്ങളിൽ ആവാസവ്യസസ്ഥ പുനസൃഷ്ടിച്ചു.


2022 സെപ്‌തംബറിൽ നമീബിയയിൽ നിന്നും പ്രോജക്റ്റ് ചീറ്റയുടെ ഭാഗമായി ആദ്യ ബാച്ച് ചീറ്റകളെ ഇന്ത്യയിലേയ്ക്ക് എത്തിച്ചു. എട്ടു ചീറ്റകളാണ് ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. പിന്നീട്‌ 2023 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും 12 മുതിർന്ന ചീറ്റകളെ പദ്ധതിയുടെ ഭാഗമായികൊണ്ടുവന്നു. അതോടെ ഇന്ത്യയിൽ 20 ചീറ്റകളായി. പിന്നീട്‌ ഗാമിനി, ആഷ, ജ്വാല എന്നീ ചീറ്റകൾക്ക് 17 കുഞ്ഞുങ്ങൾ പിറന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി ചീറ്റകളാണ് ചത്തത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home