യുഎസ് വഴങ്ങുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ


സ്വന്തം ലേഖകൻ
Published on Aug 29, 2025, 12:03 AM | 1 min read
ന്യൂഡൽഹി: അമ്പത് ശതമാനം പ്രതികാര തീരുവ അടിച്ചേല്‍പ്പിച്ചെങ്കിലും അമേരിക്കയുമായി വൈകാതെ ഉഭയകക്ഷി വ്യാപാരചർച്ച പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ. ആശയവിനിമയം തുടരുന്നതായി വാണിജ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താഏജൻസി റിപ്പോർട്ടുചെയ്‌തു. വ്യാപാര കരാറിനായുള്ള ആറാംവട്ട ചർച്ചക്കായി യുഎസ് പ്രതിനിധിസംഘം ഇൗ മാസം ഇന്ത്യയിൽ എത്തേണ്ടതായിരുന്നു.
എന്നാൽ റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് നടത്തിയ 50 ശതമാനം തീരുവ പ്രഖ്യാപനം ചർച്ചകൾക്ക് തടസ്സമായി. യുഎസിന്റെ അമ്പത് ശതമാനം തീരുവ പല പ്രധാന വ്യവസായ മേഖലകൾക്കും ഭീഷണിയായതോടെ പ്രത്യേക കയറ്റുമതി പ്രോത്സാഹന പദ്ധതിക്ക് രൂപംനൽകാൻ വാണിജ്യ മന്ത്രാലയം നീക്കമാരംഭിച്ചു. അമേരിക്ക വിപണി നഷ്ടപ്പെടുന്നതിന് പകരമായി കയറ്റുമതി വർധന ലക്ഷ്യമിട്ട് നാൽപ്പതോളം രാജ്യങ്ങളുമായി ബന്ധപ്പെടാനും സർക്കാർ നീക്കമാരംഭിച്ചിട്ടുണ്ട്.
ഉക്രയ്‌നിലേത് മോദിയുടെ യുദ്ധമെന്ന് അമേരിക്ക
ഉക്രയ്‌നിൽ നടക്കുന്നത് നരേന്ദ്ര മോദിയുടെ യുദ്ധമെന്ന് അമേരിക്ക. ഉക്രയ്‌ൻ–റഷ്യ വിഷയത്തിൽ സമാധാനത്തിലേക്കുള്ള പാത ഭാഗികമായി ന്യൂഡൽഹിയിൽക്കൂടിയാണ് പോകുന്നതെന്നും വൈറ്റ്‌ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവരോ പറഞ്ഞു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഉക്രയ്‌നെതിരെ യുദ്ധം നടത്താൻ റഷ്യക്ക് ധനസഹായം നൽകുകയാണ് ഇന്ത്യ. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം പ്രതികാരത്തീരുവയിൽനിന്ന് രക്ഷപ്പെടാനാകും. ഇന്ത്യ അനുകൂലമായ നിലപാട് എടുത്തില്ലെങ്കിൽ ട്രംപിന്റെ തീരുമാനവും മാറ്റാനാകില്ല.റഷ്യക്ക് ധനസഹായം നൽകുന്ന ഇന്ത്യയുടെ കടുംപിടുത്തം അമേരിക്കക്കാരെയെല്ലാം ബാധിക്കുന്നു. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ നവരോ കുറ്റപ്പെടുത്തി.










0 comments