ad
Deshabhimani

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ 6 മാസം തടവുശിക്ഷ; കോടതി ഉത്തരവ് ലംഘിച്ചതിന് നടപടി

Byju's.jpg
വെബ് ഡെസ്ക്

Published on May 27, 2026, 09:35 AM | 1 min read

സിംഗപ്പൂർ: സാമ്പത്തിക പ്രതിസന്ധികളിലും നിയമക്കുരുക്കുകളിലും പെട്ട് ഉലയുന്ന പ്രമുഖ ഇന്ത്യൻ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് മറ്റൊരു കനത്ത പ്രഹരം. കോടതി നിർദ്ദേശങ്ങൾ തുടർച്ചയായി ലംഘിച്ചതിനെ തുടർന്ന് (കോടതി അലക്ഷ്യം) ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു.


തന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ സിംഗപ്പൂർ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബോധപൂർവ്വം അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ഈ കർശന നടപടി. തടവുശിക്ഷയ്ക്ക് പുറമേ, കോടതി ചെലവിലേക്ക് 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 70,500 യുഎസ് ഡോളർ) പിഴയൊടുക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.


കൂടാതെ ബൈജൂസുമായി ബന്ധപ്പെട്ട കോർപ്പറേറ്റ് സ്ഥാപനമായ 'ബീയാർ ഇൻവെസ്റ്റ്‌കോ'യുടെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടു. ഖത്തർ പരമാധികാര നിക്ഷേപ നിധിയുടെ സബ്സിഡിയറിയായ ഖത്തർ ഹോൾഡിംഗ്സ് നൽകിയ ഹർജിയിലാണ് സിംഗപ്പൂർ കോടതിയുടെ ഈ നിർണായക ഉത്തരവ്.


നിലവിൽ ബൈജു രവീന്ദ്രൻ സിംഗപ്പൂരിലാണോ അതോ മറ്റെവിടെയെങ്കിലും ആണോ എന്ന കാര്യം വ്യക്തമല്ലെന്നും അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് വിവരം. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് വിജയമായി കോടീശ്വര പദവിയിലേക്ക് ഉയർന്ന ബൈജു രവീന്ദ്രനെ കാത്തിരിക്കുന്നത് ആഗോളതലത്തിലുള്ള കനത്ത നിയമപോരാട്ടങ്ങളാണ്.


യുഎസിലെ വായ്പാ ദാതാക്കളിൽ നിന്ന് കൈപ്പറ്റിയ 1.2 ബില്യൺ ഡോളറിന്റെ വായ്പാ തുക തിരിച്ചടയ്ക്കാത്തതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോടതികളിലും അദ്ദേഹം കടുത്ത നിയമനടപടികൾ നേരിടുന്നുണ്ട്.


യുഎസ് കോടതിയും ഇതിനകം ബൈജുവിനെതിരെ കടുത്ത സാമ്പത്തിക പിഴയും ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിംഗപ്പൂർ കോടതിയിൽ നിന്നുള്ള ഈ തടവുശിക്ഷാ വിധി വരുന്നത്. ഇത് ബൈജൂസിന്റെ ആഗോള നിക്ഷേപകർക്കിടയിലും ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home