print edition ബംഗാളിൽ ബിജെപിയുടെ ബുൾഡോസർരാജ്; ചെറുത്ത് സിപിഐ എം

ജാദവ്പുരിലെ ബുൾഡോസർ രാജിനെതിരെ സിപിഐ എം നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്. എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ പ്രതിഷേധിക്കുന്നു

സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ചെറുകിട– വഴിയോര കച്ചവടക്കാരുടെ ഉന്തുവണ്ടികളും താൽകാലിക ഷെഡ്ഡുകളും ചെറുകിട സ്‌റ്റാളുകളുമെല്ലാം തച്ചുതകർത്തുള്ള ബംഗാളിലെ ബിജെപി സർക്കാരിന്റെ ബുൾഡോസർരാജിനെ ചെറുത്ത് ഇടതുപക്ഷം. ഞായർ രാത്രി തെക്കൻ കൊൽക്കത്തയിലെ ജാദവ്പുരിൽ പൊലീസിനെയും കേന്ദ്രസേനകളെയും വിന്യസിച്ച് സർക്കാർ നടത്തിയ ബുൾഡോസർ നീക്കത്തെ മണിക്കൂറുകളോളം സിപിഐ എമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വത്തിൽ ജനങ്ങൾ ചെറുത്തു. രാത്രിയിൽ നേതാക്കളെയും പ്രവർത്തകരെയും തെരുവുകച്ചവടക്കാരെയും ലാത്തിചാർജ് നടത്തി ചിതറിച്ച ശേഷം നൂറുകണക്കിന് കടകളും മറ്റും ബുൾഡോസറുകൾ ഉപയോഗിച്ച് അധികൃതർ ഇടിച്ചുനിരത്തി.
സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം സുജൻ ചക്രവർത്തിയടക്കം നിരവധി പേർക്ക് പൊലീസ് മർദനമേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച സുജൻ ചക്രവർത്തിയെ സിടി സ്‌കാനിങിന് വിധേയമാക്കി. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയടക്കം നിരവധി പേരെ പൊലീസ് അറസ്‌റ്റുചെയ്‌തു. തിങ്കളാഴ്ച കോടതിയിൽനിന്ന് ശ്രിജൻ അടക്കമുള്ളവർ ജാമ്യം നേടി.
ഹൗറാ, സിയാൾഡാ, ഡംഡം തുടങ്ങിയ സ്ഥലങ്ങളിലും നേരത്തെ ബുൾഡോസർ ഉപയോഗിച്ചുള്ള ഇടിച്ചുനിരത്തൽ സർക്കാരും റെയിൽവെയും ചേർന്ന് നടത്തിയിരുന്നു. ഇൗ ഘട്ടങ്ങളിലും ചെറുത്തുനിൽപ്പ് ഉയർത്തിയത് സിപിഐ എമ്മാണ്. സിഐടിയു ഉൾപ്പെടെയുള്ള ട്രേഡ്‌യൂണിയൻ സംഘടനകളും ബുൾഡോസർരാജിനെതിരായി പ്രക്ഷോഭരംഗത്തുണ്ട്. കൊൽക്കത്ത നഗരത്തിൽ റെയിൽവെസ്‌റ്റേഷനുകളും മറ്റും കേന്ദ്രീകരിച്ച് ലക്ഷക്കണക്കിനാളുകളാണ് വഴിയോരക്കച്ചവടം നടത്തി ഉപജീവിക്കുന്നത്. അധികാരത്തിലെത്തിയതിനുപിന്നാലെ കച്ചവടക്കാരെയാകെ ബലമായി കുടിയൊഴിപ്പിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. പ്രതിപക്ഷമായ തൃണമൂൽ തീർത്തും ദുർബലപ്പെടുകയും ഒരു വിഭാഗം ബിജെപിയ്‌ക്കൊപ്പം ചേരുകയും ചെയ്‌തതോടെ മുഖ്യപ്രതിപക്ഷമെന്ന നിലയിലാണ് ഇടതുപക്ഷം ബുൾഡോസർരാജിനെ ചെറുക്കുന്നത്.









0 comments