print edition വെല്ലുവിളിയായി കോൺഗ്രസിന്റെ ‘സൗഹൃദമത്സരം’


എം അഖിൽ
Published on Oct 30, 2025, 12:06 AM | 1 min read
പട്‌ന: ബിഹാറിൽ മഹാസഖ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വെല്ലുവിളി ഉയർത്തി കോൺഗ്രസിന്റെ ‘സൗഹൃദമത്സരങ്ങൾ’. 11 സീറ്റില്‍ മഹാസഖ്യത്തിലെ കക്ഷികൾ പരസ്‌പരം മത്സരിക്കുന്നു. ഒന്പത് സീറ്റിൽ ഘടകക്ഷികൾക്ക് എതിരെ മത്സരിക്കുന്ന കോൺഗ്രസാണ് പരസ്‌പര മത്സരത്തിൽ മുന്നിൽ. ആർജെഡിക്ക് എതിരെ അഞ്ച് സീറ്റിലും സിപിഐക്ക് എതിരെ നാല് സീറ്റിലും കോൺഗ്രസ് മത്സരിക്കുന്നു. രണ്ട് മണ്ഡലങ്ങളിൽ ആർജെഡിയും വികാസ്‌ശീൽ ഇൻസാൻ പാർടിയും പരസ്‌പരം മത്സരിക്കുന്നു. ‘സൗഹൃദമത്സര’ത്തിൽ തെറ്റില്ലെന്നാണ് കോൺഗ്രസ് നിലപാട്.
ബച്ച്‌വാഡയിൽ 2020ൽ സിപിഐ പരാജയപ്പെട്ടത് വെറും 480 വോട്ടുകൾക്കാണ്. കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയായ അവ്‌ധേഷ്‌കുമാർ റായ്‌യെ തന്നെയാണ് ഇത്തവണയും സിപിഐ സ്ഥാനാർഥി. എന്നാൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശിവ്‌പ്രസാദ് ഗരീബ്‌ദാസിനെ സ്ഥാനാർഥിയാക്കി കോൺഗ്രസ്, സിപിഐയുടെ വിജയപ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചു.
ബിഹാർഷരിഫിൽ സിപിഐയുടെ സുനിൽകുമാർ യാദവിന് എതിരെ കോൺഗ്രസ് ഒമയ്‌ർ ഖാനെ സ്ഥാനാര്‍ഥിയാക്കി. രാജാപകാർ, കാർഗഹാർ എന്നിവിടങ്ങളിലും സിപിഐ–കോൺഗ്രസ് മത്സരത്തിന് അരങ്ങ് ഒരുങ്ങി. റോസേരയിലും കോൺഗ്രസ്–സിപിഐ മത്സരം രൂപപ്പെട്ടെങ്കിലും അവസാനനിമിഷം സിപിഐ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ അതൊഴിവായി.








0 comments