സുബീൻ ഗാർഗിന്റെ മരണത്തില് ദുരൂഹത; ബാൻഡ്മേറ്റും ഗായികയും അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ഗായകൻ സുബീൻ ഗാർഗ് സിംഗപ്പുരിൽവച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവത്തിൽ സുബീൻ ഗാർഗിന്റെ ബാൻഡ്മേറ്റ് ശേഖർ ജ്യോതി ഗോസ്വാമിയെയും ഗായിക അമൃത്പ്രവ മഹന്തയെയും അന്വേഷണ സംഘം ചെയ്തു. ഇതോടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ നാലായി. സുബീൻ ഗാർഗിന്റെ മാനേജർ സിദ്ധാർഥ് ശർമ, നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ മാനേജർ ശ്യാംകാനു മഹന്ത എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സുബീൻ ഗാർഗിന്റെ ഭാര്യ ഗരിമ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് ഗാർഗിന്റെ മൃതദേഹം പുറത്തെടുത്ത് രണ്ടാംതവണ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. അതേസമയം ഗായകന്റെ മരണം സ്കൂബ ഡൈവിങ്ങിനിടെ അല്ലെന്നാണ് റിപ്പോർട്ട്. സെന്റ് ജോൺസ് ദ്വീപിൽ കടലിൽ നീന്തുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നുവെന്ന് സിംഗപ്പുർ മാധ്യമം റിപ്പോർട്ട് ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് സിംഗപ്പുർ പൊലീസ് ഇന്ത്യൻ ഹൈകമീഷന് കൈമാറിയതായി "ദി സ്ട്രെയ്റ്റ്സ് ടൈംസ്' റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ, സിംഗപ്പുർ നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ സുബീൻ ഗാർഗ് സെപ്തംബർ 19നാണ് മരിച്ചത്. ഗാർഗ് ഉല്ലാസനൗകയിൽനിന്ന് കടലിലേക്ക് ചാടുന്നതിന്റെയും നീന്തുന്നതിന്റെയും ദൃശ്യം പുറത്തുവന്നിരുന്നു. സ്കൂബ ഡൈവിങ്ങിനിടെ ഹൃ-ദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.









0 comments