അടിയന്തരാവസ്ഥയും അതിക്രമങ്ങളും; അകലെയല്ല, അക്കാലം

അടിയന്തരാവസ്ഥകാലത്ത് എ കെ ജി കാലടി പ്ലാന്റേഷനിൽ
നാൽപ്പത്തഞ്ചുവർഷത്തെ പൊതുജീവിതത്തിനിടെ 17 വർഷവും ജയിൽവാസത്തിലായിരുന്നു എ കെ ജി. അടിയന്തരാവസ്ഥ നിലവിൽവന്നതിന്റെ 27-ാംനാൾ ഇന്ത്യൻ പാർലമെന്റിൽ ഇടിമുഴക്കം സൃഷ്‌ടിച്ച തന്റെ പ്രസംഗത്തിന്റെ ആദ്യഭാഗത്ത് എ കെ ജി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. 26-ാംവയസിൽ നിയമലംഘനപ്രക്ഷോഭത്തിൽ പങ്കെടുത്ത് കോഴിക്കോട്ട് അറസ്റ്റുവരിച്ചായിരുന്നു ആദ്യജയിൽവാസം. അവസാനത്തേത് അടിയന്തരാവസ്ഥയ്‌ക്കെതിരെ എറണാകുളം ബോട്ട് ജെട്ടിയിൽ സംഘടിപ്പിച്ച പരസ്യപ്രതിഷേധത്തിൽ പങ്കെടുത്ത് പൂജപ്പുര സെൻട്രൽ ജയിലിലും. ഒരാഴ്‌ചയ്‌ക്കുശേഷം ജയിൽമോചിതനായ എ കെ ജി നേരെപോയത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു. ചരിത്രം തങ്ങളെ കുറ്റക്കാരല്ലെന്ന് വിധിക്കുമെന്ന ഇടിമുഴക്കമാണ് പിന്നീട് അവിടെനിന്ന് രാജ്യം കേട്ടത്.
1975 ജൂലൈ ഒമ്പതിനാണ് എ കെ ജി എറണാകുളത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകി അറസ്റ്റുവരിച്ചത്. കോഴിക്കോട്ട് ചേർന്ന പ്രതിപക്ഷ ഏകോപനസമിതി യോഗത്തിലെ തീരുമാനപ്രകാരമായിരുന്നു പ്രതിഷേധം. സംസ്ഥാനത്താകെ ഇ എം എസ് ഉൾപ്പെടെ പ്രധാന നേതാക്കൾ പങ്കെടുത്തിരുന്നു. എ കെ ജി തലേന്നുതന്നെ കൊച്ചിയിലെത്തി എം എം ചെറിയാന്റെ വീട്ടിലാണ് തങ്ങിയത്. പിറ്റേന്ന് കാറിൽ കാനൻഷെഡ് റോഡിലെ പാർടി ഓഫീസിലെത്തുന്ന എ കെ ജിയെ ഓട്ടോറിക്ഷയിൽ ബോട്ട് ജെട്ടിയിലേക്ക് കൊണ്ടുപോകാനുള്ള ചുമതല സൗത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സി എം ദിനേശ്‌മണിക്കായിരുന്നു. രാവിലെ ഒമ്പതോടെയാണ് എ കെ ജി ജെട്ടിയിലേക്ക് പുറപ്പെട്ടത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് എ കെ ജി ബോട്ട് ജെട്ടിയിൽ ഇറങ്ങിയത്. തലയിൽ ചുവപ്പുനാട കെട്ടിയിരുന്നു. പടത്തലവന്റെ പെട്ടെന്നുള്ള കടന്നുവരവ് പരിസരത്തെ ത്രസിപ്പിച്ചു. പ്രദേശത്ത് ചിതറിനിന്ന നൂറ്റമ്പതോളം പ്രവർത്തകർ നിമിഷങ്ങൾക്കകം ഒന്നിച്ചുകൂടി മുദ്രാവാക്യം ഏറ്റുവിളിച്ചു. പ്രദേശത്ത് തമ്പടിച്ചിരുന്ന പൊലീസ് ആൾക്കൂട്ടത്തെ വളഞ്ഞു. ജോസ് എന്നുപേരായ എസ്‌ഐ, എ കെ ജിയുടെ കൈയിൽ കടന്നുപിടിച്ചു. ഇത് പ്രതിഷേധത്തിൽ പങ്കെടുത്തവരെയാകെ കുപിതരാക്കിയതായി സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന ദേശാഭിമാനി ലേഖകൻ അന്തരിച്ച എം എം ലാസർ പിന്നീട് കുറിച്ചു. എംഎൽഎയായിരുന്ന എ പി കുര്യൻ, എസ്‌ഐയുടെ കൈ തട്ടിനീക്കി. അക്ഷോഭ്യനായി നിന്ന എ കെ ജിയെ പിന്നീട് ഡിഐജി കുമാരസ്വാമി, സിറ്റി പൊലീസ് കമീഷണർ ഉമ്മൻ കോശി എന്നിവരെത്തിയാണ് അറസ്റ്റുചെയ്‌ത് നീക്കിയത്. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കുനേരെ പൊലീസ് ലാത്തിവീശി.
അടിയന്തരാവസ്ഥയ്‌ക്കെതിരെ കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എ കെ ജിയുടെ വരവോടെ എല്ലാം കൂടുതൽ ശക്തമായതായി ദിനേശ്‌മണി പറഞ്ഞു. എ പി വർക്കി, ടി കെ രാമകൃഷ്‌ണൻ, ഇ ബാലാനന്ദൻ, എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ്, കെ എം സുധാകരൻ, വി വിശ്വനാഥമേനോൻ, എ പി കുര്യൻ തുടങ്ങിയ നേതാക്കളും പലപ്പോഴായി അറസ്റ്റിലായി.
സ്വാതന്ത്ര്യം റദ്ദാക്കപ്പെട്ട കാലം
സിപിഐ എം മുൻ കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു മുൻ ജനറൽ സെക്രട്ടറിയുമായ കെ എൻ രവീന്ദ്രനാഥ് അടിയന്തരാവസ്ഥയിൽ അറസ്റ്റിലായി 18 മാസമാണ് ജയിലിൽ കഴിഞ്ഞത്. സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറിയാരിക്കെയായിരുന്നു അറസ്റ്റ്. വിവാഹം കഴിഞ്ഞ് രണ്ടുമാസം തികയുംമുമ്പാണ് മിസ തടവുകാരനായി ജയിലിൽ അടച്ചത്.
1975 മെയ് രണ്ടിനായിരുന്നു രവീന്ദ്രനാഥിന്റെ വിവാഹം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും ദിവസത്തിനുള്ളിൽ അറസ്റ്റിലായി. രാത്രി പൊലീസ് വീട്ടിലെത്തുമ്പോൾ വയസ്സായ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. ടെലികോം വകുപ്പിൽ ഉദ്യോഗസ്ഥയായ ഭാര്യ ഇന്ദിര കോഴിക്കോട്ടായിരുന്നു. പലസ്ഥലങ്ങളിലും നേതാക്കളെയൊക്കെ അറസ്റ്റു ചെയ്യുന്നതായി അറിഞ്ഞിരുന്നതിനാൽ പൊലീസ് എപ്പോൾ വേണമെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി രവീന്ദ്രനാഥ് പറഞ്ഞു.
അന്ന് നാട്ടിലുള്ളവരേക്കാൾ സ്വാതന്ത്ര്യം ജയിലിലുള്ളവർക്ക് ഉണ്ടായിരുന്നുവെന്ന്, പൗരസ്വാതന്ത്ര്യങ്ങളെല്ലാം റദ്ദുചെയ്യപ്പെട്ടിരുന്ന അക്കാലത്തെ ഓർത്തെടുത്ത് രവീന്ദ്രനാഥ് പറഞ്ഞു. രാഷ്‌ട്രീയതടവുകാർക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കിലും നിയന്ത്രണങ്ങളുമുണ്ട്. സ്വന്തം മുറിവിട്ട് മറ്റു മുറികളിൽ പോകാൻ വിലക്കുണ്ടായിരുന്നെങ്കിലും തങ്ങൾ അത് ലംഘിച്ച് യോഗങ്ങൾ ചേരുമായിരുന്നു. ഇതേസമയത്ത് ജില്ലയിൽനിന്ന് എം എം ലോറൻസ്, എ പി കുര്യൻ, എ പി വർക്കി തുടങ്ങിയവരും അറസ്റ്റിലായി വിയ്യൂർ ജയിലിൽ അടയ്‌ക്കപ്പെട്ടിരുന്നു. എംപിയായിരുന്ന അരങ്ങിൽ ശ്രീധരൻ, പിഎസ്‌പി എംഎൽഎയായിരുന്ന ഗോപിനാഥൻപിള്ള, തമ്പാൻ തോമസ്, ആലുങ്കൽ ദേവസി, ജനസംഘം നേതാക്കളായിരുന്ന ഒ രാജഗോപാൽ, പി പരമേശ്വരൻ തുടങ്ങിയവരും വിയ്യൂർ ജയിലിലുണ്ടായിരുന്നു. ജയിലിൽ ഗൗരവമുള്ള രാഷ്‌ട്രീയചർച്ചകളും സംവാദങ്ങളും പതിവായിരുന്നു. ആർഎസ്‌എസ് നേതാക്കളുമായുള്ള തർക്കങ്ങൾ പലപ്പോഴും രൂക്ഷമാകും. ചർച്ചകൾ അരങ്ങിൽ ശ്രീധരന്റെ മുറിയിലായിരുന്നു. ജയിലിലുള്ള പാർടി നേതാക്കൾക്ക് തത്വശാസ്‌ത്രം, സാമ്പത്തികശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുണ്ടായിരുന്നു. സാമ്പത്തികശാസ്‌ത്രത്തിൽ ക്ലാസെടുക്കാൻ തന്നെയാണ് നിയോഗിച്ചിരുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.
മൗലികാവകാശങ്ങൾപോലും റദ്ദാക്കിയ കാലത്ത് ട്രേഡ് യൂണിയൻ അവകാശങ്ങളുടെ കാര്യം ഊഹിക്കാമല്ലോ. തൊഴിലാളികൾക്ക് ഒരവകാശവും ഇല്ലാതായി. യൂണിയൻ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി വ്യാഖ്യാനിച്ച് മാനേജ്‌മെന്റുകൾ പ്രതികാരനടപടികൾ സ്വീകരിച്ചിരുന്നു. നിരവധിയാളുകളെ ജോലികളിൽനിന്ന് പിരിച്ചുവിട്ടു. ഇത് ഭയന്ന് ചിലയിടങ്ങളിൽ തൊഴിലാളികൾ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നു. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്നതിനെതിരെ സിഐടിയുവിന്റെ ആഹ്വാനമനുസരിച്ച് പലയിടത്തും പ്രതിഷേധങ്ങളുണ്ടായി. എങ്കിലും നേതാക്കൾ പലരും ജയിലിലായിരുന്നതിനാൽ യൂണിയൻ പ്രവർത്തനങ്ങൾ ശ്രമകരമായിരുന്നു. കേരളത്തിൽ പലപത്രങ്ങളിലെയും പ്രധാന ലേഖകർപോലും ഭയന്നാണ് ജോലി ചെയ്‌തിരുന്നതെന്നും രവീന്ദ്രനാഥ് പറഞ്ഞു.
കഠിനപാതകൾ പിന്നിട്ട വിദ്യാർഥിപ്രസ്ഥാനം
അടിയന്തരാവസ്ഥയുടെ കരാളദിനങ്ങളിൽ സമാനതകളില്ലാത്ത പീഡനങ്ങളാണ് രാജ്യത്താകെ എസ്‌എഫ്‌ഐ പ്രവർത്തകർക്കും നേതാക്കൾക്കും നേരിടേണ്ടിവന്നിട്ടുള്ളത്. പൊലീസും അടിയന്തരാവസ്ഥ അനുകൂല പാർടികളും അവരുടെ വിദ്യാർഥി–-യുവജന വിഭാഗവുമെല്ലാം വേട്ടയാടലിന് ഒത്താശചെയ്‌തു. എറണാകുളത്ത് ഒട്ടേറെ വിദ്യാർഥി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റുചെയ്‌ത് ജയിലിലടച്ചു. കലാലയങ്ങളിലേക്ക് കടന്നുകയറിയ പൊലീസും ഗുണ്ടകളും കൊടിയ മർദനമഴിച്ചുവിട്ടു. ജനമധ്യത്തിലും ലോക്കപ്പിലും ജയിലിലും തല്ലിച്ചതച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപനംവന്ന ദിവസം സിപിഐ എം നേതൃത്വത്തിൽ കൊച്ചി നഗരത്തിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ മഹാരാജാസ് ഉൾപ്പെടെ കലാലയങ്ങളിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികളും പങ്കെടുത്തതായി അന്ന് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്ന എൻ കെ വാസുദേവൻ പറഞ്ഞു. പ്രകടനത്തിനുശേഷം പാർടി ഓഫീസിൽ തങ്ങിയ എൻ കെ വാസുദേവനെ പിറ്റേന്ന് പുലർച്ചെ പൊലീസ് എത്തി അറസ്റ്റുചെയ്‌തു. എസ്‌എഫ്‌ഐ നേതാക്കളായിരുന്ന, എംഎ ഇക്കണോമിക്‌സ് വിദ്യാർഥി തോമസ് ഐസക് (മുൻ ധനമന്ത്രി), പഠനം പൂർത്തിയാക്കി പോയിരുന്ന കവി എസ് രമേശൻ, അശോക് എം ചെറിയാൻ (ഇപ്പോൾ അഡീഷണൽ അഡ്വക്കറ്റ് ജനറൽ) എന്നിവരെ പൊലീസ് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തോമസ് ഐസക് പിന്നീട് തൃശൂരിൽ പിടിയിലായി.
ബ്രഹ്‌തിന്റെ കവിതാഭാഗം നോട്ടീസായി പ്രചരിച്ചതിനുപിന്നാലെയാണ് എംഎ ഇക്കണോമിക്‌സ് വിദ്യാർഥിയും മാഗസിൻ എഡിറ്ററുമായിരുന്ന ടി ആർ ശിവശങ്കരനെ ക്യാമ്പസിൽനിന്ന് പിടികൂടി ക്രൂരമായി മർദിച്ചത്. പ്രൊഫ. എം കെ സാനുവിന്റെ ക്ലാസിൽ ഇരിക്കുമ്പോഴാണ് ശിവശങ്കരനെ പിടികൂടാൻ പൊലീസ് വന്നത്. പുറത്ത് പൊലീസിന്റെ സാന്നിധ്യംകണ്ട് സമയം കഴിഞ്ഞിട്ടും സാനു മാഷ് ക്ലാസ് നീട്ടിക്കൊണ്ടുപോയി. മണിക്കൂറുകളോളം കാത്തുനിന്ന പൊലീസ്, ക്ലാസ് കഴിഞ്ഞയുടൻ ശിവശങ്കരനെ പിടികൂടി. സെൻട്രൽ സ്‌റ്റേഷനിൽ പൊലീസിന്റെ വളഞ്ഞിട്ടുള്ള മർദനമേറ്റ് ശിവശങ്കരൻ നിലത്തുവീണു. രണ്ടുദിവസം കഴിഞ്ഞ് അവശനിലയിൽ ലോക്കപ്പിൽനിന്ന് വിട്ടയച്ച ശിവശങ്കരന് നീണ്ടകാലം ആയുർവേദചികിത്സ നടത്തേണ്ടിവന്നതായി എൻ കെ വാസുദേവൻ ഓർക്കുന്നു.
എസ്‌എഫ്‌ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറിയായിരുന്ന ഫക്രുദീന് കെഎസ്‌യുക്കാരിൽനിന്നാണ് കൊടുംമർദനമേറ്റത്. പ്രമുഖ ചരിത്രകാരനും ഇപ്പോൾ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. കെ എൻ ഗണേഷിനും അന്ന് ക്യാമ്പസിൽ കെഎസ്‌യുക്കാരുടെ ഭീകരമർദനമേറ്റു. തുടർന്ന് അദ്ദേഹത്തിന്റെ വീട്ടുകാർ ഇടപെട്ട് മഹാരാജാസിലെ പഠനം അവസാനിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. മഹാരാജാസിൽ അന്ന് പാലാ ജോൺ എന്നുപേരായ കെഎസ്‌യു നേതാവാണ് എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിക്കാനും പൊലീസിന് ഒറ്റിക്കൊടുക്കാനും മുന്നിൽ നിന്നത്.
അടിയന്തരാവസ്ഥയ്‌ക്കുശേഷം കേരളത്തിലെ എല്ലാ ക്യാമ്പസിലും എന്നപോലെ എറണാകുളം ജില്ലയിലും കെഎസ്‌യു തകർന്നടിഞ്ഞു. 1977ൽ മഹാരാജാസിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വൻവിജയം നേടിയതോടൊപ്പം പ്രവർത്തനം നയിക്കാൻപോലും ആളില്ലാത്തവിധം കെഎസ്‌യു നാമാവശേഷമായി. പി എം ഇസ്‌മയിൽ, വി കെ മോഹനൻ, സൈമൺ ബ്രിട്ടോ, പി ആർ രഘു, എൻ വി സുധർമ, ടി വി ഗോപിനാഥ് തുടങ്ങിയവർ ജില്ല്ലയിൽ എസ്‌എഫ്‌ഐയുടെ നേതൃനിരയിൽ പ്രവർത്തിച്ച് അടിയന്തരാവസ്ഥപ്രക്ഷോഭങ്ങളിൽ സജീവമായവരാണ്.
ഒളിവിലെ രാപകലുകൾ
അടിയന്തരാവസ്ഥക്കാലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും നിയമസഭാംഗവുമായിരുന്നു ഇ ബാലാനന്ദൻ. പാർടി നിർദേശപ്രകാരം അദ്ദേഹം തിരുവനന്തപുരത്തും എറണാകുളത്ത് ഉദയംപേരൂരിലുമാണ് നീണ്ടകാലം ഒളിവിൽ കഴിഞ്ഞത്. ഉദയംപേരൂരിൽ ഇ എം എസിന്റെ മകൾ രാധയുടെ ഭർത്താവ് ഗുപ്‌തന്റെ തറവാട്ടിലായിരുന്നു. ഏതുനേരത്തും പൊലീസിന്റെ കൈയിൽ അകപ്പെടാമെന്നതിനാൽ പകലോ രാത്രിപോലുമോ പുറത്തിറങ്ങാനാകാത്ത അവസ്ഥ. പിടിക്കപ്പെട്ടാൽ തനിക്കുമാത്രമല്ല, അഭയം തന്ന വീട്ടുകാരും നേരിടേണ്ടിവരുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്ക. പുറത്തുനടക്കുന്നത് എന്തെന്ന് അറിയാതെയും വായിക്കാൻ പത്രങ്ങൾപോലും കിട്ടാതെയും അടച്ചുപൂട്ടിയിരുന്നുള്ള സമയംപോക്കലുമെല്ലാം ഒളിവുജീവിതത്തെ ദുഷ്‌കരമാക്കിയെങ്കിലും അതിനിടെയുണ്ടായിട്ടുള്ള സന്തോഷം പകർന്ന സംഭവങ്ങളും ബാലാനന്ദൻ ആത്മകഥയിൽ വിവരിക്കുന്നുണ്ട്.
ഒളിവിലെ വിരസതയകറ്റാൻ ബാലാനന്ദന്റെ ആവശ്യപ്രകാരം ഗുപ്‌തനും ഭാര്യയും അദ്ദേഹത്തെ സെക്കൻഡ് ഷോ സിനിമകൾ കാണിക്കാൻ കൊണ്ടുപോയിരുന്ന കാര്യമാണ് അതിലൊന്ന്. ഓട്ടോറിക്ഷയിൽ ബാലാനന്ദനെ നടുക്കിരുത്തിയാണ് ഇരുവരും തിയറ്ററിലേക്ക് കൊണ്ടുപോയിരുന്നത്. സിനിമ തുടങ്ങിയശേഷമാണ് തിയറ്ററിനുള്ളിൽ കയറുക. തീരുംമുമ്പ് ഇറങ്ങി സ്ഥലംവിടുകയും ചെയ്യും. ഇത്തരത്തിൽ അഞ്ചെട്ട് സിനിമകളെങ്കിലും കണ്ടിട്ടുണ്ടെന്നാണ് ബാലാനന്ദന്റെ ഓർമ.
തനിക്ക് വാർത്തകൾ അറിയാൻ പത്രങ്ങൾ സംഘടിപ്പിക്കാൻ ഗുപ്‌തന്റെ അമ്മ സാവിത്രി അന്തർജനം സഹിച്ച കഷ്‌ടപ്പാടുകളും ബാലാനന്ദൻ വിവരിക്കുന്നു. അദ്ദേഹം എഴുതുന്നു: ‘അടിയന്തരാവസ്ഥക്കാലത്ത് സർക്കാർവിരുദ്ധ പ്രസിദ്ധീകരണങ്ങളും പുസ്‌തകങ്ങളും കൈയിലുണ്ടെങ്കിൽ അറസ്റ്റിന് വേറെ കാരണംവേണ്ട. ഇടതുപക്ഷപ്രസിദ്ധീകരണങ്ങൾ തപാലിൽ വരുത്തി അറസ്റ്റിൽ കുടുങ്ങിയവരുമുണ്ട്. ഈ സാഹചര്യത്തിൽ രാവിലെ കിലോമീറ്ററുകൾ നടന്നാണ് സാവിത്രി അന്തർജനം എനിക്ക് പത്രങ്ങൾ സംഘടിപ്പിച്ചിരുന്നത്. അഞ്ചെട്ടു പത്രങ്ങൾ (ഇംഗ്ലീഷ് അടക്കം) ഒന്നിച്ചുവാങ്ങുന്നത് സംശയത്തിനിടയാക്കും. പ്രത്യേകിച്ച് ഒരു സാധാരണ ബ്രാഹ്മണസ്‌ത്രീ. അതിനാൽ, രാവിലെ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ തൊഴാൻ പോകുമ്പോൾ ക്ഷേത്രത്തിനടുത്തുനിന്ന് അവർ ഒരു പത്രം വാങ്ങും. പിന്നീട് കുറെ ദൂരം വന്നശേഷം മറ്റെവിടെ നിന്നെങ്കിലും അടുത്തത് വാങ്ങും. ഇങ്ങനെ എനിക്കാവശ്യമുള്ള പത്രങ്ങളെല്ലാം അവർ കൊണ്ടുവരുമായിരുന്നു. ഇതിന് പണം കൊടുക്കാൻപോലും എനിക്ക് കഴിഞ്ഞിരുന്നില്ല’–- ബാലാനന്ദൻ എഴുതി.
ജയിലിലെ പാർടി യോഗങ്ങൾ
അടിയന്തരാവസ്ഥസമയത്ത് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയാണ് എം എം ലോറൻസ്. ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായി 22 മാസവും ചൈനീസ് ചാരന്മാരെന്ന് മുദ്രകുത്തി സിപിഐ എം നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തപ്പോൾ 16 മാസവും ജയിൽവാസം അനുഭവിച്ച അദ്ദേഹം, അടിയന്തരാവസ്ഥയിൽ അറസ്റ്റിലായി 17 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ആഴ്‌ചകൾമുമ്പ് ടിഡിഎം ഹാളിൽ ചേർന്ന യോഗത്തിൽ ഇ എം എസ് പങ്കെടുത്തിരുന്നു. അപ്പോഴത്തെ രാഷ്‌ട്രീയാവസ്ഥയിൽ രാജ്യം അടിയന്തരാവസ്ഥയിലേക്കാണ് പോകുന്നതെന്ന് യോഗത്തിൽ പ്രസംഗിച്ച ഇ എം എസ് പറഞ്ഞതായി എം എം ലോറൻസ് ആത്മകഥയിൽ എഴുതുന്നു. വൈകാതെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നേതാക്കളുടെ പ്രവർത്തനം ഒളിവിലായി. തോട്ടയ്‌ക്കാട്ട് റോഡിലെ വാടകവീട്ടിലാണ് എം എം ലോറൻസ് കുടുംബസമേതം താമസിച്ചിരുന്നത്. രാത്രിയിൽ വീട്ടിൽ വന്നുപോകും. ഒരുദിവസം വീട്ടിൽ തങ്ങിയ രാത്രിയിലാണ് പൊലീസെത്തി അറസ്റ്റുചെയ്‌തത്.
അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇടതുപക്ഷമുന്നണി ആദ്യമായി സംസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിയിൽ എ കെ ജി പങ്കെടുത്ത പ്രക്ഷോഭത്തിൽ ലോറൻസും ഉണ്ടായിരുന്നു. വിയ്യൂർ ജയിലിൽ കെ എൻ രവീന്ദ്രനാഥും എ പി വർക്കിയും ലോറൻസും ചേർന്ന് പാർടി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഞായറാഴ്‌ചകളിൽ തന്റെ സെല്ലിൽ ചേരുന്ന യോഗത്തിൽ രാഷ്‌ട്രീയചർച്ചകൾ നടന്നിരുന്നതായും അദ്ദേഹം ആത്മകഥയിൽ പറയുന്നു.
പൊലീസും ഗുണ്ടകളും അഴിഞ്ഞാടിയ കാലം
അടിയന്തരാവസ്ഥയിൽ ജില്ലയിലെമ്പാടും സിപിഐ എമ്മിന്റെയും വിദ്യാർഥി–-യുവജന പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളുമാണ് ഒളിവിലും തെളിവിലും അരങ്ങേറിയത്. അതിനെല്ലാം നേരെ പൊലീസിന്റെ ക്രൂരമർദനമുറകളും അരങ്ങേറി. ലോക്കപ്പും ജയിൽമുറികളും കൊടിയ മർദനകേന്ദ്രങ്ങളായി മാറി. അടിയന്തരാവസ്ഥ അനുകൂലികൾ വ്യക്തിവൈരം തീർക്കാനുള്ള അവസരമായിപ്പോലും കരിനിയമവാഴ്‌ചയെ ഉപയോഗപ്പെടുത്തി. സാധാരണക്കാരെ ഉൾപ്പെടെ പൊലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കി. ജയിലിലടച്ചു.
സിപിഐ എമ്മിന്റെ മുൻനിര നേതാക്കളെയാകെ ആദ്യനാളുകളിൽത്തന്നെ അറസ്റ്റുചെയ്‌ത് ജയിലിലടച്ചിരുന്നു. എ പി വർക്കി, എം എം ലോറൻസ്, കെ എൻ രവീന്ദ്രനാഥ്, എ പി കുര്യൻ തുടങ്ങിയവരൊക്കെ ജയിലായതോടെ ശേഷിച്ച നേതാക്കൾ പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നിരോധനാജ്ഞ ലംഘിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ നടന്ന പരസ്യപ്രതിഷേധത്തിൽ പങ്കെടുത്ത ഗോപി കോട്ടമുറിക്കൽ ഉൾപ്പെടെ പ്രവർത്തകർക്ക് ആഴ്‌ചകളോളം പൊലീസിന്റെ ക്രൂരമർദനമേറ്റു. എൻ കെ മാധവനും വി ജി ഭാസ്‌കരൻനായരും പങ്കെടുത്ത മണ്ഡലം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരം 14 പേരാണ് റോഡിലിറങ്ങി പ്രതിഷേധിച്ചത്. ഇതിൽ ഗോപി കോട്ടമുറിക്കലും പി എസ് മോഹനനും ഉൾപ്പെടെ ഏഴുപേർ പിടിയിലായി. ഇവരെ റോഡിലും പൊലീസ് സ്‌റ്റേഷനിലും ക്രൂരമായി മർദിച്ചു. മർദനമേറ്റ് അവശനായി തനിക്ക് കുടിവെള്ളം തരാൻ കരുണ കാണിച്ച ദാമോദരൻനായർ എന്ന പൊലീസുകാരനെ പിന്നീട് 1987ലെ തെരഞ്ഞെടുപ്പുകാലത്ത് ഇരുമ്പനത്ത് കണ്ടുമുട്ടിയ കാര്യം കോട്ടമുറിക്കൽ ഓർമിക്കുന്നു.
പി പി എസ് തോമസിനെ കോലഞ്ചേരിയിൽ ഒളിവിലിരിക്കെയാണ് പൊലീസ് പിടികൂടിയത്. റോഡിലുടനീളം മർദിച്ചാണ് പുത്തൻകുരിശ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് അന്ന് കെഎസ്‌വൈഎഫ് പ്രവർത്തകനായിരുന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഓർക്കുന്നു. ലോക്കപ്പിലും ജയിലിലും അദ്ദേഹത്തിന് കൊടും പീഡനമേറ്റു. ഇടപ്പള്ളിയിൽ ഡിഐജി ജയറാം പടിക്കലിന്റെ മേൽനോട്ടത്തിൽ തുറന്ന പ്രത്യേക പൊലീസ് ക്യാമ്പ് അടിയന്തരാവസ്ഥയിലെ കുപ്രസിദ്ധിയാർജിച്ച മർദനകേന്ദ്രമായിരുന്നു. ഇവിടെ അരങ്ങേറിയ കൊടുംപീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പലതും അടിയന്തരാവസ്ഥ പിൻവലിച്ചശേഷം പുറത്തുവന്നു. ചങ്ങമ്പുഴ ലൈബ്രറിക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു ആ കെട്ടിടം. കെട്ടിടം പിന്നീട് ജയറാം പടിക്കൽ വിലകൊടുത്ത് വാങ്ങി. ജയറാം പടിക്കലിൽനിന്ന് വാടകയ്‌ക്കെടുത്ത് കൊച്ചി നഗരസഭ മേഖലാ ഓഫീസ് കുറെ കാലം പ്രവർത്തിച്ചു. പിന്നീട് ജയറാം പടിക്കലിന്റെ ഭാര്യ കെട്ടിടം തിരികെ വാങ്ങുകയും പൊളിച്ചുകളയുകയുമായിരുന്നു.
കിഴക്കമ്പലത്തെ അന്ന അലുമിനിയം കമ്പനിയും പൊലീസിന്റെ മർദനകേന്ദ്രങ്ങളിൽ ഒന്നായിരുന്നെന്ന് അടിയന്തരാവസ്ഥയിലെ പൊലീസ് പീഡനങ്ങളുടെ നേർചിത്രങ്ങൾ സമാഹരിച്ച്, പ്രതിപക്ഷ വിദ്യാർഥി യുവജന സമിതിക്കുവേണ്ടി കെഎസ്‌വൈഎഫ് 1977ൽ പ്രസിദ്ധീകരിച്ച കിരാതപർവം എന്ന പുസ്‌തകത്തിൽ പറയുന്നു.









0 comments