Deshabhimani

സൗദിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

air india
വെബ് ഡെസ്ക്

Published on Nov 13, 2026, 07:15 PM | 1 min read

ന്യൂഡൽഹി: റിയാദ്, ദമ്മാം, ജിദ്ദ എന്നിവടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗദി അറേബ്യയിലെ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നവംബർ 30 വരെയും, ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും നിർത്തിവെച്ചതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു.


റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് ഈ ദിവസങ്ങളിൽ യാത്ര ചെയ്യാൻ ടിക്കറ്റെടുത്തവർക്ക് സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് അധിക നിരക്കില്ലാതെ യാത്രാ തീയതി മാറ്റാനോ , ടിക്കറ്റ് റദ്ദാക്കി മുഴുവൻ തുകയും തിരികെ വാങ്ങാനോ സാധിക്കും. നവംബർ 10നോ അതിനുമുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്കാണ് പ്രത്യേക ഇളവുകൾ ലഭിക്കുക.


എയർ ഇന്ത്യ യാത്രക്കാർക്ക് സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന മറ്റ് ഏതെങ്കിലും എയർ ഇന്ത്യ വിമാനത്താവളത്തിലേക്ക് യാത്ര പുനഃക്രമീകരിക്കാം. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് സൗദി അറേബ്യയിലെയോ ബഹ്‌റൈനിലെയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് യാത്ര മാറ്റാൻ സൗകര്യമുണ്ടാകും. റിയാദ്, ദമ്മാം ടിക്കറ്റുള്ളവർക്ക് 2026 ഡിസംബർ 14 വരെയും, ജിദ്ദ ടിക്കറ്റുള്ളവർക്ക് 2026 ഡിസംബർ 5 വരെയും യാത്ര പുനഃക്രമീകരിക്കാവുന്നതാണ്. വെള്ളിയാഴ്ച എക്സിലൂടെ പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പിലാണ് ഇരു വിമാനക്കമ്പനികളും ഇക്കാര്യം വ്യക്തമാക്കിയത്.


സഹായങ്ങൾക്കായി എയർ ഇന്ത്യ യാത്രക്കാർക്ക് +91 11 69329333 അല്ലെങ്കിൽ +91 11 69329999 എന്നീ നമ്പറുകളിലും, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് +91 124 6935600എന്ന നമ്പറിലും ബന്ധപ്പെടാം. കൂടാതെ എയർലൈനുകളുടെ സിറ്റി ബുക്കിംഗ് ഓഫീസുകളെയും സമീപിക്കാവുന്നതാണ്.


സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടതിന് പിന്നാലെയാണ് വിമാനക്കമ്പനികളുടെ ഈ തീരുമാനം. റിയാദിലെ അരാംകോ കേന്ദ്രങ്ങൾ, ഷറൂറ വിമാനത്താവളത്തിലെ സൈനിക ചരക്ക് വിമാനം, ഖമിസ് മുഷൈത്ത് വ്യോമതാവളം എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി അവകാശവാദമുന്നയിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home