മോദി സർക്കാർ എഫക്ട്; വ്യവസായ ഉൽപ്പാദനം കൂപ്പുകുത്തുന്നു

ന്യൂഡൽഹി: മോദി സർക്കാർ എഫക്ടിൽ രാജ്യത്തെ വ്യവസായ ഉൽപ്പാദനം കൂപ്പുകുത്തുന്നു. സർക്കാരിന്റെ തെറ്റായ വ്യവസായ നയവും കോർപ്പറേറ്റ് ഭീമന്മാരോട് മാത്രമുള്ള അനുകൂല നിലപാടുകളും രാജ്യത്തെ പിന്നോട്ട് നടത്തുകയാണ്. വ്യവസായ ഉൽപ്പാദന വളർച്ചാ നിരക്ക് ഒരു മാസം കൊണ്ട് 8.8 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായാണ് കുറഞ്ഞത്. വ്യവസായ ഉൽപ്പന്നനിർമാണ മേഖലയുടെ വളർച്ച 9.5 ശതമാനത്തിൽനിന്ന് 7.3 ശതമാനത്തിലേക്ക് ഇടിഞ്ഞു.
വ്യാവസായിക വളർച്ച മന്ദഗതിയിലാകാൻ പ്രധാന കാരണം ഖനന മേഖലയിലുണ്ടായ തിരിച്ചടിയാണ്. ജൂണിൽ 1.6 ശതമാനം വളർച്ച കൈവരിച്ച ഖനി–ക്വാറി മേഖല ജൂലൈയിൽ 0.9 ശതമാനമായി. വൈദ്യുതി– പാചകവാതക വിതരണം എന്നീ മേഖലയുടെ വളർച്ച 11.3 ശതമാനത്തിൽനിന്ന് 8.7 ശതമാനത്തിലേക്ക് താഴ്‌ന്നു. മരുന്നുൽപ്പാദനത്തിൽ 5.6 ശതമാനവും രാസവസ്‌തു ഉൽപ്പാദനത്തിൽ 2.7 ശതമാനവും ഇടിവുണ്ടായി.
രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതരപ്രതിസന്ധികളുടെ ശക്തമായ സൂചനയായി വ്യാവസായിക വളർച്ചയിലെ മുരടിപ്പിനെ വിദഗ്‌ധർ വിലയിരുത്തുന്നു. ചെറുകിട- ഇടത്തരം വ്യവസായങ്ങളെ സംരക്ഷിച്ച് മുന്നോട്ട് പോവാതെ കോർപറേറ്റുകളെ മാത്രം പ്രോത്സാഹിപ്പിച്ച്, കഴിഞ്ഞ കുറച്ച് വർഷമായി ബിജെപി സർക്കാർ തുടരുന്ന തെറ്റായ നയത്തിന്റെ ഫലംകൂടിയാണ് നിലവിലെ പ്രതിസന്ധി.
പശ്‌ചിമേഷ്യൻ സംഘർഷങ്ങൾ കാരണമുണ്ടായ പ്രതിസന്ധികളുടെ ആഘാതങ്ങളും വളർച്ചാ നിരക്കില്‍ പ്രതിഫലിക്കുന്നുണ്ട്. സംഘർഷങ്ങൾ സൃഷ്‌ടിച്ച അനിശ്‌ചിതത്വങ്ങളും ഉൽപ്പാദകരുടെ ആശങ്കകളും രാജ്യത്തിന്റെ മൊത്തം വ്യവസായ വളർച്ചയെ പിന്നോട്ടടിച്ചു. അമേരിക്ക ഇറാനെതിരെ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28നുശേഷം പണപ്പെരുപ്പവും വിലക്കയറ്റവുംമൂലം മിക്കരാജ്യങ്ങളിലെയും ജനങ്ങൾ പൊറുതിമുട്ടുകയാണ്. അപ്പോഴെല്ലാം ട്രംപിന്റെ ദാസനായി തുടർന്ന മോദിക്ക് ലഭിച്ച കനത്ത പ്രഹരമാണ് വ്യവസായ ഉൽപ്പാദനത്തിലെ ഇടിവ്.










0 comments