വിലങ്ങാട് ഉന്നതിയിൽ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ദാരുണാന്ത്യം

സുനിൽ
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വായാട് ഉന്നതിയിലെ സുനിൽ (40) ആണ് മരിച്ചത്. കാട്ടുപോത്തിനെ തുരുത്തുന്നതിനിടെയായിരുന്നു ആക്രമണം.
ശനി ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിന് ഫോറസ്റ്റ് ഉദ്യോഗസ്ഥരോടൊപ്പം സുനിലും ഇറങ്ങുകയായിരുന്നു. എന്നാൽ കാട്ടുപോത്ത് സുനിലിന്റെ നേർക്ക് പാഞ്ഞടുത്ത് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനാണ് സുനിൽ. ഓണാവധിക്ക് നാട്ടിലെത്തിയതായിരുന്നു.
പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. ഫെൻസിങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയ്ക്ക് ചാർജ് ഇല്ലാത്ത സമയങ്ങളിൽ കാട്ടുപോത്തുകൾ കൃഷിയിടങ്ങളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും കടക്കാറുണ്ടെന്നും പരാതിയുണ്ട്.









0 comments