print edition സിയാദിന്റെ കസ്‌റ്റഡി മരണം; പ്രതിഷേധജ്വാലയായി എസ്‌പി ഓഫീസ് മാർച്ച്

സിയാദിന്റെ മരണത്തിനു ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര റൂറൽ എസ് പി ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊട്ടാരക്കര (കൊല്ലം): കുണ്ടറയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധ ജ്വാലയുയർത്തി സിപിഐ എം. പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദിനെ പൊലീസ് ജീപ്പിൽവച്ച് വാരിയെല്ല് തകർത്ത് കൊന്ന കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് കൊട്ടാരക്കരയിലെ റുറൽ എസ്‌പി ഓഫീസിലേക്ക് സിപിഐ എം ജില്ലാ കമ്മിറ്റി ബഹുജന മാർച്ച് നടത്തി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിനു ബഹുജനങ്ങൾ പങ്കെടുത്ത പ്രതിഷേധമാർച്ച് മഴയിലും തളരാത്ത ആവേശത്തോടെ യുഡിഎഫ് സർക്കാരിന്റെ പൊലീസ് നയത്തിന് ശക്തമായ താക്കീത് നൽകി.
എസ്‌പി ഓഫീസിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. തുടർന്ന് യോഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറി എസ് സുദേവൻ സ്വാഗതം പറഞ്ഞു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എസ് ജയമോഹൻ, ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് എൽ സജികുമാർ എന്നിവർ സംസാരിച്ചു. സിയാദ് മരിച്ച സംഭവത്തിൽ കുറ്റവാളികളായ എല്ലാ പൊലീസുകാരെയും ശിക്ഷിക്കണമെന്നും കുടുംബത്തിനു നഷ്ടപരിഹാരം നൽകണമെന്നും മാർച്ച് ആവശ്യപ്പെട്ടു.
ജുൺ 17ന് പൊലീസ് കസ്റ്റഡിയിലെടുത്ത സിയാദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂലൈ 24നാണ് മരിച്ചത്. സിയാദിനെ കസ്റ്റഡിയിലെടുക്കുന്പോൾ ദേഹപരിശോധനയോ മെഡിക്കൽ പരിശോധനയോ നടത്തിയില്ലെന്ന ഗുരുതര വീഴ്‌ചയുമുണ്ടായി. അസുഖലക്ഷണം കാണിച്ചിട്ടും മെഡിക്കൽ പരിശോധനയ്‌ക്കും പൊലീസ് തയ്യാറായില്ല.










0 comments