അട്ടപ്പാടിയിൽ സുഹൃത്തിന്റെ വെട്ടേറ്റ് ആദിവാസി യുവാവ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ സുഹൃത്തിന്റെ വെട്ടേറ്റ് ആദിവാസി യുവാവ് മരിച്ചു. ചെമണ്ണൂരിനടുത്ത് ആനക്കല്ല് ഉന്നതി മിച്ചഭൂമിയിൽ താമസിക്കുന്ന മണികണ്ഠൻ (40) ആണ് മരിച്ചത്. സുഹൃത്ത് ആനക്കല്ല് ഉന്നതിയിലെ ഈശ്വരൻ (40) ആണ് വെട്ടിയത്. വ്യാഴം പകൽ 12ന് ഓണപ്പരിപാടിക്കിടെ ഈശ്വരനും ഭാര്യയും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഇടപെട്ടത് മണികണ്ഠനായിരുന്നു. ഇതിന്റെ വൈരാഗ്യത്തിന് കൈയിലിരുന്ന അരിവാൾ കൊണ്ട് ഉന്നതിക്ക് മുന്നിലെ റോഡിൽവച്ച് വെട്ടുകയായിരുന്നുവെന്ന് പുതൂർ പൊലീസ് പറഞ്ഞു.
മണികണ്ഠൻ അപ്പോൾതന്നെ മരിച്ചു. ഈശ്വരൻ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഡിവൈഎസ്‌പി ആർ അശോകന്റെ നേതൃത്വത്തിൽ പുതൂർ, അഗളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം അഗളി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശനിയാഴ്ച ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതനായ കാടനാണ് മണികണ്ഠന്റെ അച്ഛൻ. അമ്മ: പൊളിസ. ഭാര്യ: വെള്ളി. സഹോദരങ്ങൾ: ശിവലിംഗൻ, മരുതി.









0 comments