print edition യൂത്ത് ഒളിമ്പിക്സ് മെഡൽ രൂപകൽപ്പന ; " സെലിബ്രേഷൻ ഓഫ് ട്രയംഫ് ’ വരച്ച് എലിശുബ

കൊല്ലം
യൂത്ത് ഒളിമ്പിക്സ് മെഡൽ രൂപകൽപ്പനയിൽ മൂന്നാം സ്ഥാനം നേടി മലയാളി പെൺകുട്ടി.
കൊല്ലം ചന്ദനത്തോപ്പ് കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡിസൈനിൽനിന്ന് ഈ വർഷം ബി ഡിസൈൻ ബിരുദം പൂർത്തിയാക്കിയ എറണാകുളം കടവന്ത്ര സ്വദേശിനി എലിശുബ ജോ എബ്രഹാമാണ് അപൂർവനേട്ടം കൈവരിച്ചത്. ഇൗ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് എലിശുബ. 2026 ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ആഫ്രിക്കൻ രാജ്യമായ സെനഗലിലെ ഡാക്കറിലാണ് നാലാമത് യൂത്ത് ഒളിമ്പിക്‍സ് നടക്കുന്നത്.
എല്ലാ ലോകരാജ്യങ്ങളിൽനിന്നും മെഡൽ രൂപകൽപ്പനയ്ക്ക് അപേക്ഷകരുണ്ടായിരുന്നു. ആഫ്രിക്കയിൽ നടക്കുന്ന ആദ്യ യൂത്ത് ഒളിമ്പിക്സ് ആയതിനാൽ "ആഫ്രിക്ക നിങ്ങളെ സ്വാഗതം ചെയ്യുന്നു...ഡാക്കർ ആഘോഷിക്കുന്നു’ എന്നതായിരുന്നു ആപ്തവാക്യം. ഇതിന്റെ അടിസ്ഥാനത്തിൽ "സെലിബ്രേഷൻ ഓഫ് ട്രയംഫ്’ എന്ന ആശയത്തിൽ ഊന്നിയാണ് എലിശുബ തന്റെ രൂപകൽപ്പന നടത്തിയത്. സ്പെയിനിലെ മരിയ പിലർ ബാർബാദിലോ വികാരിയോ ഒന്നാം സ്ഥാനവും ഗ്രീസിലെ അഗിസിലാവോസ് കിറിയാസിസ് രണ്ടാം സ്ഥാനവും നേടി. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐഒസി ) നടത്തുന്ന കായികമേളയുടെ മെഡൽ ഡിസൈൻ ചെയ്ത് അംഗീകാരം നേടുന്നത് ഇന്ത്യയിൽ ഇത് ആദ്യമാണ്.
സംസ്ഥാന തൊഴിൽ വകുപ്പിന്റെ അധീനതയിലുള്ള ഏക ഡിസൈൻ കോളേജായ കെഎസ്‌ഐഡിയിൽനിന്ന് ബി ഡിസൈൻ ബിരുദം പൂർത്തിയാക്കിയ എലിശുബ ഉപരിപഠനത്തിന് തയ്യാറെടുക്കുകയാണ്. കടവന്ത്രയിൽ പരസ്യ ഡിസൈൻ മേഖലയിൽ പ്രവർത്തിക്കുന്ന ജോ എബ്രഹാമിന്റെയും ആയുർവേദ ഡോക്ടറായ ഷീബാ ജോയുടെയും മകളാണ്.









0 comments