Deshabhimani

മോശമായി സ്പർശിച്ചത് ചോദ്യം ചെയ്തു; മുംബൈയിൽ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിക്ക് കൈ നഷ്ടമായി

train
വെബ് ഡെസ്ക്

Published on Nov 12, 2026, 07:24 PM | 1 min read

മുംബൈ: മോശമായി സ്പർശിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവതിയെ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ നിന്ന് മധ്യവയസ്‌കൻ തള്ളിയിട്ടു. അപകടത്തിൽ 20 കാരിയുടെ ഇടതുകൈ നഷ്ടമായി. മുംബൈയിലെ നയ്ഗാവ് റെയിൽവേ സ്റ്റേഷനിൽ നവംബർ നാലിനാണ് സംഭവം.


ബോറിവലിയിൽ നിന്ന് വിരാറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ചാണ് നയ്ഗാവ് സ്വദേശിയായ ജിതേന്ദ്ര ഗിർജപ്പ ഹിർമുഖെ (53) യുവതിയെ അനുചിതമായി സ്പർശിച്ചതെന്നാണ് പരാതി. ഇത് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. യുവതി ചെരിപ്പൂരി ഇയാളെ അടിച്ചതോടെ പ്രതിയും തിരിച്ചടിച്ചു. തുടർന്ന് നയ്ഗാവ് സ്റ്റേഷനിലെത്തിയപ്പോൾ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.


രണ്ട് കോച്ചുകൾക്കിടയിലെ ട്രാക്കിലേക്ക് വീണ യുവതി പ്ലാറ്റ്‌ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കൈ ട്രെയിനിന്റെ ചക്രങ്ങൾക്കിടയിൽപ്പെട്ടു. ഇടതുകൈ മുട്ടിന് സമീപം വെച്ച് മുറിച്ചുമാറ്റേണ്ടിവന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ യുവതിക്ക് 16 തുന്നലുകളും വേണ്ടിവന്നു.


സംഭവത്തിൽ പ്രതിയെ നവംബർ ഒമ്പതിന് പൊലീസ് അറസ്റ്റ് ചെയ്തു. ബിഎൻഎസ് 74, 117(2) വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് പിന്നീട് വധശ്രമം സംബന്ധിച്ച 109-ാം വകുപ്പും കൂട്ടിച്ചേർത്തു. ഫ്ലിപ്കാർട്ടിൽ ഡെലിവറി ജീവനക്കാരിയായി ജോലി ചെയ്തിരുന്ന യുവതി, ഇനി ഒരു കൈകൊണ്ട് എങ്ങനെ ജോലി ചെയ്യുമെന്നും നാല് വയസ്സുള്ള കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കുമെന്നും ആശങ്ക പങ്കുവെച്ചു. തനിക്ക് നീതി ലഭിക്കണമെന്നാണ് യുവതിയുടെ ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home