ടിവി കണ്ടുകൊണ്ടിരുന്ന ദമ്പതികളുടെ വീട്ടിലേക്ക് പുലി കയറി; ആറുമണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ പിടികൂടി

ബംഗളൂരു: ടിവി കണ്ടുകൊണ്ടിരുന്ന ദമ്പതികളുടെ വീട്ടിലേക്ക് പുലി കയറിയത് പരിഭ്രാന്തി പരത്തി. കർണാടകയിലെ തുമക്കൂരു ജില്ലയിലെ കുനിഗൽ താലൂക്കിലെ ബന്ദിഗൗഡനപാല്യ ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വീട്ടിലെത്തിയ പുലിയെ വനംവകുപ്പ് ആറുമണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ മയക്കുവെടിവെച്ച് പിടികൂടി.
ചിക്കമാരിയപ്പ എന്നയാളുടെയും ഭാര്യ നരസമ്മയുടെയും വീട്ടിലേക്കാണ് പുലി കയറിയത്. ആദ്യം വീടിന് പുറത്ത് കെട്ടിയിട്ടിരുന്ന ആട്ടിൻകുട്ടിയെ ആക്രമിച്ച് കടിച്ചെടുത്ത പുലി പിന്നീട് വീടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയം ദമ്പതികൾ ടെലിവിഷൻ കാണുകയായിരുന്നു.
പുലി വീട്ടിലേക്ക് കയറുന്നത് കണ്ട നരസമ്മ ഉടൻ പുറത്തേക്ക് ഓടി വാതിൽ അടച്ചതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഇതിനിടെ പുലി വീടിനുള്ളിലെ കട്ടിലിനടിയിൽ ഒളിച്ചു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പുലിയെ സുരക്ഷിതമായി പിടികൂടുന്നതിനായി ബന്നാർഘട്ടയിൽ നിന്നുള്ള അനസ്‌തേഷ്യ വിദഗ്ധൻ ഉൾപ്പെടെയുള്ളവരുടെ സഹായവും തേടി. തുടർന്നാണ് ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ മയക്കുവെടിവെച്ച് പിടികൂടിയത്.
കഴിഞ്ഞ ഒരു മാസത്തോളമായി പുലി ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങിനടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. സംഭവത്തോടെ ജനവാസമേഖലകളിൽ പുലിയുടെ സാന്നിധ്യം ഉയർത്തുന്ന ആശങ്ക വീണ്ടും ശക്തമായിരിക്കുകയാണ്.







0 comments