ടൈറ്റാനിയത്തിൽ ശമ്പളം മുടങ്ങി: മാനേജ്‌മെന്റ് ദ്രോഹത്തിനെതിരെ ജീവനക്കാർ സമരത്തിലേക്ക്

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിലെ (ടിടിപിഎൽ) ജീവനക്കാരെ ശമ്പളം നൽകാതെ ദ്രോഹിക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരെ 18ന് സെക്രട്ടറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും. ടൈറ്റാനിയം ജനറൽ ലേബർ യൂണിയനാണ് (സിഐടിയു) മാർച്ച് സംഘടിപ്പിക്കുന്നത്.
80 വർഷത്തിനിടെ ഒരിക്കൽപ്പോലും ശന്പളം മുടങ്ങിയിട്ടില്ലാത്ത സ്ഥാപനത്തിൽ, വി ഡി സതീശൻ സർക്കാർ അധികാരത്തിലേറിയതോടെ എല്ലാം താളംതെറ്റിയെന്ന് ജനറൽ ലേബർ യൂണിയൻ പ്രസിഡന്റ് വി കെ പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണകക്ഷി യൂണിയനുകളുടെ സമ്മർദത്തെത്തുടർന്ന് ജൂൺ അവസാനത്തോടെ ഉൽപ്പാദനം നിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഒക്ടോബർ അവസാനത്തോടെ കുടിശ്ശികയുൾപ്പെടെ ശന്പളം നൽകുമെന്ന് ഭരണകക്ഷി യൂണിയനുകളുടെ വാഗ്ദാനവും നടപ്പായില്ല.
എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ 19.69 കോടി രൂപയായിരുന്നു പദ്ധതി വിഹിതം. എന്നാൽ, യുഡിഎഫ് ആദ്യ ബജറ്റിൽ 10.3 കോടി രൂപയായി വെട്ടിക്കുറച്ചു. വ്യവസായ മന്ത്രിക്കും നിയമസഭാ പൊതുമേഖലാ കമ്മിറ്റിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്. സ്ഥാപനത്തെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വി കെ പ്രശാന്ത് ആവശ്യപ്പെട്ടു. ലേബർ യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി എൽ വർഗീസ്, ട്രഷറർ അനീഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.








0 comments