ലൈംഗികാതിക്രമം എതിർത്ത യുവാവിനെ കൊലപ്പെടുത്തി, മൃതദേഹം പാതി കത്തിയനിലയിൽ; പ്രതി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ പിടിയിൽ

പിടിയിലായ സണ്ണി (വലത്)
കുന്നംകുളം: തൃശൂർ ചൊവ്വന്നൂരിൽ ലൈംഗികാതിക്രമ ശ്രമത്തെ എതിർത്ത യുവാവിനെ കൊലപ്പെടുത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ മണിക്കൂറുകൾക്കകം തൃശൂർ റെയിൽവേ സ്‌റ്റേഷനിൽവച്ച് പൊലീസ് പിടികൂടി. ഞായർ വൈകിട്ട് അഞ്ചരയോടെയാണ് ചൊവ്വന്നൂർ ബസ് സ്റ്റോപ്പിന് സമീപമുള്ള സെന്റ് മേരീസ് ക്വാർട്ടേഴ്സിൽ 30 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരം പകുതി കത്തിയനിലയിൽ കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന ചൊവ്വന്നൂർ സ്വദേശി സണ്ണി (63) യെ പിടികൂടി. ഇയാളുടെ മുറിയിലാണ് മൃതദേഹം കണ്ടത്. പുക വരുന്നത് കണ്ട ആളുകൾ പുറത്തുനിന്ന് പൂട്ടിയ മുറി തുറന്നുനോക്കിയപ്പോൾ കത്തിയനിലയിൽ ശരീരം കണ്ടെത്തുകയായിരുന്നു.
സണ്ണിയെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.30യോടെയാണ് പൊലീസ് പിടികൂടിയത്. സമാനമായ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ് ഇയാള്‍. ഒരു കേസിലെ ശിക്ഷ കഴിഞ്ഞ് ആറു വർഷം മുന്‍പാണ് സണ്ണി പുറത്തിറങ്ങിയത്. ശനി രാത്രി ഏഴോടെ യുവാവിനൊപ്പം ഇയാൾ മുറിയിലേക്ക് പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
കുന്നംകുളം എസ്എച്ച്ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നു.








0 comments