print edition റോഡ് കെെയേറി യൂത്ത് ലീഗ് ആക്രമണം; പൊലീസ് നോക്കിനിന്നു

എറണാകുളത്ത് നടന്ന മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ റാലിക്കിടെ ഗോശ്രീ പാലത്തിൽ വാഹനഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയപ്പോൾ ഹോൺ മുഴക്കിയ വാഹനയാത്രക്കാരെ ആക്രമിക്കുന്ന പ്രവർത്തകർ
കൊച്ചി: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ പ്രധാനപാതകൾ സ്‌തംഭിപ്പിച്ച റാലിയിൽ വഴിയാത്രികർക്കും വാഹനങ്ങൾക്കുംനേരെ വ്യാപക ആക്രമണം. ഞായർ വൈകിട്ട് ഗോശ്രീ ജങ്ഷനിൽനിന്ന് മറൈൻഡ്രൈവിലേക്കുള്ള റാലിയിൽ പങ്കെടുത്തവരാണ് സ്‌ത്രീകളും കുട്ടികളുമടക്കമുള്ളവരെ മണിക്കൂറുകളോളം വഴിയിൽ തടഞ്ഞ് കൈയേറ്റം ചെയ്‌തത്.
വൈപ്പിൻ–എറണാകുളം പാത, കണ്ടെയ്നർ ടെർമിനൽ റോഡ് എന്നിവ പൂർണമായി യൂത്ത് ലീഗ് കൈയടക്കി. വൈകിട്ട് നാലുമുതൽ ആറുവരെ ഗോശ്രീപാലവും റോഡും വഴിയുള്ള ഗതാഗതം സ്‌തംഭിപ്പിച്ചു. വാഹനങ്ങൾക്ക് ഒരുവരിപോലും ഒഴിച്ചിട്ടില്ല. പൊലീസും നോക്കുകുത്തിയായി. കാൽനടയാത്രികരെയും തടഞ്ഞു.
അടിയന്തരാവശ്യങ്ങൾക്ക് പോകുന്നവരെപ്പോലും കടത്തിവിട്ടില്ല. ഹോൺ മുഴക്കി വഴി ആവശ്യപ്പെട്ടവരെ വാഹനങ്ങളിൽനിന്ന് വലിച്ചിറക്കിയായിരുന്നു കൈയേറ്റം. വാഹനങ്ങൾക്ക് കേടുപാട് വരുത്തി. ചിലയിടത്ത് പൊലീസുമായും വാക്കേറ്റമുണ്ടാക്കി. സംഘർഷം പകർത്തിയ ദൃശ്യമാധ്യമ പ്രവർത്തകരെയും ആക്രമിച്ചു.
മുനവ്വറലി തങ്ങൾക്കെതിരെ കേസ്
നഗരപാതകൾ തടഞ്ഞ് റാലി നടത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി കെ ഫിറോസ് എംഎൽഎ, സംസ്ഥാന സെക്രട്ടറി ഫാത്തിമ തെഹലിയ എംഎൽഎ, ട്രഷറർ പി ഇസ്‌മായിൽ എന്നിവരെ മുഖ്യപ്രതികളാക്കി എറണാകുളം സെൻട്രൽ പൊലീസ് സ്വമേധയാ കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേർന്നതിനും കലാപം സൃഷ്‌ടിച്ചതിനുമാണ് കേസ്.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷറഫ് ഇടനീർ, കെ എ മാഹിൻ, സെക്രട്ടറിമാരായ സി കെ മുഹമ്മദലി, അഡ്വ. നസീർ കരിയറ, ഗഫൂർ കൊളക്കാട്ടിൽ, ടി പി എം ജിഷാൻ എന്നിവരാണ് മറ്റ് പ്രതികൾ. കണ്ടാലറിയാവുന്ന 2000 പ്രവർത്തകർക്കെതിരെയും കേസെടുത്തു.









0 comments