ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചത് യുഡിഎഫിന് ഭരണം പിടിക്കാനെന്ന് യൂത്ത് ലീഗ്

പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍
മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയരൂപമായ വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചത് കേരളത്തിന്റെ ഭരണം പിടിക്കാനാണെന്ന് സമ്മതിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികള്‍. എല്‍ഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള വിശാലമായ ലക്ഷ്യമാണ് വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണയ്ക്ക് പിന്നിലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പ്രസിഡന്റ് പാണക്കാട് മുനവറലി തങ്ങളും മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വെല്‍ഫെയര്‍ പാര്‍ടിയുടെ പിന്തുണ സ്വീകരിക്കണമെന്നതാണ് യുഡിഎഫ് തീരുമാനം. അത് മറ്റുകാര്യങ്ങളിലുള്ള അഭിപ്രായങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ അനുസരിച്ചല്ല. മതരാഷ്ട്രവാദ ലക്ഷ്യം തങ്ങള്‍ക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ്. അവര്‍ക്കില്ലാത്ത ലക്ഷ്യം ഉണ്ടെന്ന് പ്രചരിപ്പിക്കാന്‍ നമ്മളെന്തിനാണ് വേവലാതിപ്പെടുന്നത്.
ജമാഅത്തെ ഇസ്ലാമി ചെറിയ സംഘടനയാണ്. അവര്‍ വിചാരിച്ചാല്‍ ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ കഴിയില്ല. വര്‍ത്തമാനകാലത്ത് രാജ്യം നേരിടുന്ന പ്രതിസന്ധി മറച്ചുവയ്ക്കാനാണ് ഒരിക്കലും നടക്കാന്‍ സാധ്യതിയില്ലാത്ത കാര്യം ചര്‍ച്ചചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള സമസ്തയുടെ നിലപാട് അവരുടെ അഭിപ്രായമാണ്. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ടിയും രണ്ട് സംഘടനകളാണ്. എസ്ഡിപിഐ കേരളത്തില്‍ നടത്തിയ അക്രമങ്ങളോട് യോജിക്കാന്‍ കഴിയില്ല. ആനിലയില്‍ വെല്‍ഫെയര്‍ പാര്‍ടി കേരളത്തില്‍ ചര്‍ച്ചയായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നുതവണ വ്യവസ്ഥ പാലിക്കേണ്ടതില്ല. കഴിവുള്ളവര്‍ വീണ്ടും മത്സരിക്കും. മെറിറ്റ് നോക്കിയാണ് ഇത് തീരുമാനിക്കGകയെന്നും ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ഇസ്മയില്‍ വയനാട്, സീനിയര്‍ വൈസ് പ്രസിഡന്റ് മുജീബ് കാടേരി എന്നിവരും പങ്കെടുത്തു.










0 comments