print edition വ്യാജ നിയമന ഉത്തരവുനൽകി കോടികൾ തട്ടിയെടുത്തു; ഇരയായത് ഉദ്യോഗാർഥികൾ

വൈശാഖ് ദര്‍ശൻ മന്ത്രി റോജി എം ജോണിനൊപ്പം (ഫയൽ ചിത്രം)

സ്വന്തം ലേഖകൻ
Published on Aug 15, 2026, 02:14 AM | 1 min read
തലശേരി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് എറണാകുളത്തെ വൈശാഖ് എസ് ദർശൻ വ്യാജ നിയമന ഉത്തരവുനൽകി തട്ടിയെടുത്തത് കോടികൾ. ഡൽഹി സ്വദേശി ഉൾപ്പെട്ട തട്ടിപ്പ് സംഘത്തിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസിന് സൂചന ലഭിച്ചു. ആത്മഹത്യ ചെയ്‌ത ബിജെപി നേതാവ് എരഞ്ഞോളി പെരുന്താറ്റിൽ തിരുവാതിരയിൽ എം രതീശന്റെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൈശാഖ് എസ് ദർശൻ അറസ്‌റ്റിലായത്.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇൗ സംഘം വ്യാജ നിയമന ഉത്തരവ് നൽകി പണം തട്ടിയിട്ടുണ്ട്. റെയിൽവേയിൽ ടിടിആർ നിയമന ഉത്തരവ് ലഭിച്ച കണ്ണൂർ സ്വദേശിക്ക് 25 ലക്ഷം രൂപയാണ് നഷ്‌ടമായത്. വഞ്ചിതരായവർ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ പരാതിയുമായി എത്തുന്നുണ്ട്. ഇതോടെ നേതാവിന് കുരുക്ക് മുറുകും. അന്വേഷണം തുടരുന്നതിൽ തട്ടിപ്പ് സംഘത്തിന്റെ സഹായികളും ആശങ്കയിലാണ്. ഏത് വിധേനയും അന്വേഷണം അവസാനിപ്പിക്കാൻ ഭരണതലത്തിൽ സമ്മർദം ശക്തമാണ്.
നേതാക്കളുടെ സ്വന്തക്കാരൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണ് വൈശാഖ് ദർശന്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ്. അങ്കമാലി അർബൻ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായി ഒളിവിൽ കഴിയുന്നതിനിടയിലും അങ്കമാലി മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയിരുന്നു. റോജി എം ജോണിനൊപ്പമുള്ള റീലുകൾക്കെതിരെ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിൽ തന്നെ എതിർപ്പുയർത്തിയിരുന്നു.. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായതിനാൽ നാട്ടിൽ സ്ഥിരതാമസമില്ലെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു ഇടപെടൽ.










0 comments