വ്യാജ ഐഡി: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് പരിശോധന

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന കേസിൽ അടൂരിൽ ക്രൈം ബ്രാഞ്ച് പരിശോധന തുടരുന്നു. മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന. ഒരു പ്രവർത്തകന്റെ ഫോൺ പിടിച്ചെടുത്തതായും വിവരമുണ്ട്. കേസിൽ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ രാഹുൽ മാങ്കൂട്ടത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമീഷന്റെ പേരിൽ 2000 വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് കേസ്. വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്‌ട്രോണിക് രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് നടത്തിയത്. കേസിലെ മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിൽനിന്ന് പിടിച്ചെടുത്ത ശബ്ദരേഖയിൽ രാഹുലിന്റെ പേരുമുണ്ട്. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ. പങ്കുണ്ടെന്ന് തെളിഞ്ഞാൽ രാഹുലിനെയും പ്രതിചേർക്കും.
കേസിലെ മുഖ്യപ്രതികളും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഫെനി നൈനാനും ബിനില്‍ ബിനുവും പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിലായിരുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ രഞ്ജു, വികാസ് കൃഷ്ണ, ജെയ്സൺ എന്നിവരും കേസിലെ പ്രതികളാണ്. മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമിച്ചത്. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോയും പേരും മാറ്റി സംഘടനാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുകയായിരുന്നെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്തത്. പരിശോധനയിൽ പത്തനംതിട്ട സ്വദേശിയും യൂത്ത്‌കോൺഗ്രസ് നേതാവുമായ അഭിനന്ദ് വിക്രമന്റെ ലാപ്‌ടോപും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിരുന്നു.
ലാപ്‌ടോപിൽ ഫോട്ടോഷോപ് ഉപയോഗിച്ചാണ് വ്യാജകാർഡുകൾ നിർമിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. ഈ കാർഡുകൾ യൂത്ത്‌കോൺഗ്രസ് തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ ആപ്പിൽ അപ്‌ലോഡ് ചെയ്തു. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ തയ്യാറാക്കി. ഇതിനായി ദിവസവും 1000 രൂപ വീതം പ്രതിഫലം നൽകിയിരുന്നതായി യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റും നാലാം പ്രതിയുമായ വികാസ് കൃഷ്ണന്റെ മൊഴിയുമുണ്ട്.









0 comments