കായംകുളത്ത് മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

കായംകുളം: ആലപ്പുഴ കായംകുളത്ത് ആൾക്കൂട്ട കൊലപാതകം. കന്യാകുമാരി സ്വദേശി ഷിബു(49) ആണ് മരിച്ചത്. അയൽവാസിയുടെ കുഞ്ഞിന്റെ സ്വർണം കാണാതായതിനെ തുടർന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കായംകുളം സ്വദേശി വിഷ്ണുവിന്റെ രണ്ട് വയസുകാരിയായ മകളുടെ കൈയിലെ സ്വർണ ചെയിൻ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഷിബുവിനെ നാട്ടുകാർ മർദ്ദിച്ചത്. കടയിൽ പോയി മടങ്ങി വരവേ ഷിബുവിനെ തടഞ്ഞ് നിർത്തി ഏഴ് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കായംകുളത്തെ ആശുപത്രിയിലും തുടർന്ന വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു എന്നിങ്ങനെ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയും ഒരു അജ്ഞാതനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.









0 comments