24കാരി ഭർതൃവീട്ടുകാരുടെ മുന്നിൽ ആസിഡ് കഴിച്ച് ജീവനൊടുക്കി; ഭർത്താവ് കസ്റ്റഡിയിൽ

ജീവനൊടുക്കിയ ഫാത്തിമത്ത് സുഫൈദ, ഭർത്താവ് ആദിൽ
കാസർകോട്: ഇരുപത്തിനാലുകാരി ആസിഡ് കഴിച്ച് ജീവനൊടുക്കി. കാസർകോട് ചർലടുക്കയിലാണ് ദാരുണ സംഭവം. ചർലടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദയാണ് മരിച്ചത്. ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനത്തെത്തുടർന്നാണ് ആത്മഹത്യ എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സംഭവത്തിൽ യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ആദിലിനെ വിദ്യാനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃവീട്ടുകാരുടെ സാന്നിധ്യത്തിലാണ് സുഫൈദ ആസിഡ് കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരമായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഈ ക്രൂരത താങ്ങാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി.
യുവതിയുടെ മരണത്തിന് പിന്നാലെ കുടുംബം വിദ്യാനഗർ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പോലീസ് ഉടൻ ഭർത്താവ് ആദിലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസികമായ ബുദ്ധിമുട്ടുകളോ ആത്മഹത്യാ ചിന്തകളോ ഉണ്ടാകുമ്പോൾ ദയവായി അതിജീവിക്കാൻ ശ്രമിക്കുക, വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)










0 comments