print edition വായനയും പാട്ടുമായി വി എസിന്റെ യാത്രകൾ

വി എസിനൊപ്പം കെ സുന്ദരൻ

നിഖിൽ രവീന്ദ്രൻ
Published on Jul 21, 2026, 01:49 AM | 1 min read
പാലക്കാട്: ദേവരാജൻ മാഷിന്റെ പാട്ടുകൾക്കൊപ്പം ദൂരെമേറെ താണ്ടിയ വി എസിന്റെ ഓർമകളുടെ സ്റ്റിയറിങ് പിടിക്കുകയാണ് കെ സുന്ദരൻ. വി എസ് അച്യുതാനന്ദനുമായുള്ള യാത്രകളുടെ കഥ പറയുമ്പോൾ ഡ്രൈവറായിരുന്ന സുന്ദരന്റെ മനസ്സിൽ ഓർമകളുടെ കടലിരമ്പം. 27 വർഷം വി എസിന്റെ സാരഥിയായിരുന്നു നെന്മാറ അളുവാശേരി സ്വദേശി കെ സുന്ദരൻ. കണിശക്കാരനെന്ന് പലരും വി എസിനെക്കുറിച്ച് പറയുമ്പോഴും സുന്ദരന് അനുഭവം വേറിട്ടതാണ്. ‘ഒരിക്കൽപ്പോലും എന്നോട് അദ്ദേഹം ദേഷ്യപ്പെട്ടതായി ഓർമയിലില്ല. ഇഷ്ടക്കേടുണ്ടെങ്കിൽ മുഖത്തുനിന്ന് അറിയാം. അത്തരം സന്ദർഭങ്ങളിൽ അറിഞ്ഞുപെരുമാറാൻ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്’.
1994 ഡിസംബർ ആറിനാണ് എ കെ ജി സെന്ററിൽ ഡ്രൈവറായി പോയത്. വി എസ് എൽഡിഎഫ് കൺവീനറായപ്പോൾ അദ്ദേഹത്തിന്റെ സാരഥിയായി. അത് ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷസ്ഥാനം ഒഴിയുന്നതുവരെ തുടർന്നു. 2001ൽ വി എസ് മലമ്പുഴ എംഎൽഎയായതോടെയാണ് സ്‌റ്റാഫിലെടുത്തത്. പ്രതിപക്ഷ നേതാവായപ്പോൾ സുന്ദരൻ തന്നെ ഡ്രൈവറായി വേണമെന്നത് വി എസിന്റെ ആവശ്യമായിരുന്നു. ‘എന്റെ കൂടെ ഒരാൾ വേണം... അത് സുന്ദരനാകണം.’ ഒരു യാത്രയിൽ വി എസ് പറഞ്ഞത് സുന്ദരൻ ഓർക്കുന്നു.
അംബാസഡർ കാറിനോടും വി എസിന് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോഴാണ് മറ്റൊരു വാഹനം ഉപയോഗിച്ചുതുടങ്ങിയത്. യാത്രകൾക്കിടയിൽ അദ്ദേഹം എപ്പോഴും വായിക്കുമായിരുന്നു. പത്രവും പുസ്‌തകങ്ങളും വണ്ടിയിൽ കാണും. പിന്നീടാണ് പാട്ട് കേൾക്കാൻ തുടങ്ങിയത്. ദേവരാജൻ മാഷിന്റെ പാട്ടുകളും പഴയ നാടകഗാനങ്ങളും കേൾക്കും. ഇഷ്‌ടപ്പെട്ട പാട്ടുകൾക്കൊപ്പം വി എസ് കൈകൊണ്ട് താളം പിടിക്കുമായിരുന്നു– സുന്ദരൻ ഓർമിക്കുന്നു.










0 comments