print edition കൃത്രിമം ജനാധിപത്യത്തിന്റെ വിശ്വാസ്യത തകർത്തു: ആനന്ദ്

കൊച്ചി മുസിരിസ് ബിനാലെ അനുബന്ധ പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗായത്രി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആനന്ദിന്റെ രചനാലോകം ദ്വിദിന സെമിനാറിൽ ആനന്ദും എം എൻ കാരശ്ശേരിയും തമ്മിൽ നടന്ന സംഭാഷണം
കെ എൻ സനിൽ
Published on Jan 11, 2026, 12:00 AM | 1 min read
ഇരിങ്ങാലക്കുട : ജനാധിപത്യ സംവിധാനത്തിൽ കൃത്രിമം കാണിച്ച് അധികാരം നിലനിർത്താമെന്നു വന്നാൽ മനുഷ്യന് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്‌ടപ്പെടുമെന്ന് എഴുത്തുകാരൻ ആനന്ദ് പറഞ്ഞു. കൊച്ചി–മുസിരിസ് ബിനാലെയുടെ അനുബന്ധമായി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച ‘ആനന്ദിന്റെ രചനാലോകം’ പരിപാടിയിൽ ഡോ. എം എൻ കാരശേരിയുമായുള്ള സംഭാഷണത്തിലാണ് ആനന്ദ് തന്റെ ചിന്തകൾ പങ്കുവച്ചത്.
പലപ്പോഴും നാം മൂല്യങ്ങളെ വിസ്‌മരിക്കുകയും ബിംബങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യുകയാണ്. ഇന്ത്യ പിറകോട്ട് നടക്കുകയല്ല, അതിവേഗം പിറകോട്ട് ഓടുകയാണ്. ഇത് എവിടെയാണ് എത്തിനിൽക്കുക എന്നറിയില്ല. ഇന്ത്യൻ ഭരണസംവിധാനം ഫാസിസ്‌റ്റ് രൂപം ആർജിച്ചുകഴിഞ്ഞു. പക്ഷേ, ഇതിനെ നാം മറികടക്കും. സംസ്‌കാരം എന്നത് ഒരു യാത്രയാണ്. അത് മുന്നോട്ടു ചലിച്ചു കൊണ്ടിരിക്കണം. വിശ്വാസം അല്ലെങ്കിൽ ആരാധന എന്നത് അടഞ്ഞ മുറിയാണ്. അത് എക്കാലവും മുന്നോട്ടുള്ള യാത്രയ്‌ക്ക് വിഘാതമാണ്. നീതി എല്ലാകാലത്തും നിലനിന്നിട്ടുണ്ട്. ആദിമ മനുഷ്യൻ ജീവിച്ചതുപോലെയല്ല ഇന്ന് ജീവിക്കുന്നത്. ഓരോ കാലത്തും നിയമവും നീതിയും തമ്മിൽ അന്തരം നിലനിൽക്കും ഇതിനെയാണ് അനീതി എന്നുവിളിക്കുന്നത്. സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഉയർച്ചതാഴ്‌ചകൾ എല്ലാകാലത്തുമുണ്ടായിട്ടുണ്ട്.
രണ്ടാം ലോക യുദ്ധശേഷം ലോകത്താകമാനം ബുദ്ധി ജീവികൾക്കിടയിൽ ഒരുതരം നിരർഥകതാബോധം പടർന്നിരുന്നു. അക്കാലത്തെ എഴുത്തിനെയും സാഹിത്യത്തെയും ഇൗ നിരർഥകതാബോധം ബാധിച്ചിരുന്നു. എന്നാൽ അതിനെ മറികടന്ന് മുന്നോട്ടുപോകാൻ സമൂഹത്തിന് കഴിഞ്ഞു. ഐക്യരാഷ്‌ട്രസംഘടന രൂപം കൊണ്ടതും വിവിധ അവകാശങ്ങൾ നിലവിൽവന്നതും മറക്കരുത്. അമേരിക്ക ഒരുകാലത്തും യുഎന്നിനെ അംഗീകരിച്ചിട്ടില്ല. മറ്റ് സ്വതന്ത്ര രാഷ്‌ട്രങ്ങൾക്കുമേൽ കടന്നാക്രമണം നടത്തുന്ന അമേരിക്കയെയാണ് നമ്മൾ ജനാധിപത്യത്തിന്റെ മഹത്തായ രാഷ്‌ട്രമായി വിശേഷിപ്പിക്കുന്നതും. ജീവിതം മതിയായി എന്ന തോന്നലില്ലെന്നും കഴിയും വിധം ഇനിയും എഴുത്തു തുടരുമെന്നും ആനന്ദ് പറഞ്ഞു.










0 comments